മഹാരാഷ്ട്രയിൽ വമ്പൻ നീക്കങ്ങൾ; ഷിൻഡെ ശിവസേന പിളർപ്പിലേക്ക്? 20 എംഎൽഎമാരും മന്ത്രിമാരും തങ്ങളെ ബന്ധപ്പെട്ടെന്ന് ഉദ്ദവ് സേന
മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ ഇരുപതോളം എംഎല്‍എമാരും ചില മന്ത്രിമാരും ഉദ്ദവ് താക്കറെയുടെ ശിവസേന(യുബിടി)യുമായി രഹസ്യമായി ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഉദ്ദവ് പക്ഷം നേതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുബിടി നേതാവായ ചന്ദ്രകാന്ത് ഖൈരെയാണ് ഷിന്‍ഡെ സേനയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട അവകാശവാദം നടത്തിയത്. ഏക്നാഥ് ഷിന്‍ഡെ തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ തൃപ്തനല്ലെന്നും, അദ്ദേഹത്തിന്റെ പക്ഷത്തെ എംഎല്‍എമാര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും ഖൈരെ ആരോപിച്ചു. 2022-ല്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കി ഷിന്‍ഡെയും ഭൂരിപക്ഷം എംഎല്‍എമാരും ബിജെപിയോടൊപ്പം ചേര്‍ന്ന് അധികാരം പിടിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു കൂറുമാറ്റ സാധ്യതയെക്കുറിച്ച് പ്രതിപക്ഷം വെളിപ്പെടുത്തുന്നത്.
ബിജെപിയുമായുള്ള സഖ്യത്തിലെ ഭിന്നതകളും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളുമാണ് ഷിന്‍ഡെ പക്ഷത്തെ എംഎല്‍എമാരെ അസ്വസ്ഥരാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷിന്‍ഡെ വിഭാഗത്തിലെ പല നേതാക്കള്‍ക്കും ബിജെപിയില്‍ നിന്നും മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇതേ തുടര്‍ന്ന്, അതൃപ്തരായ എംഎല്‍എമാരുടെ എണ്ണം വര്‍ധിക്കുന്നതായും അവര്‍ യുബിടി നേതാക്കളുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും മറ്റ് യുബിടി നേതാക്കളും സ്ഥിരീകരിക്കുന്നു.
‘ഭരണസഖ്യത്തില്‍ കാര്യങ്ങള്‍ ശരിയായല്ല മുന്നോട്ട് പോകുന്നത്. ഷിന്‍ഡെ വിഭാഗത്തിനുള്ളിലെ ഈ അതൃപ്തി ഉടന്‍ തന്നെ ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം,’-യുബിടി വൃത്തങ്ങള്‍ സൂചന നല്കി. എന്നാല്‍, ഈ അവകാശവാദങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം ഷിന്‍ഡെ പക്ഷത്ത് നിന്നോ ബിജെപിയില്‍ നിന്നോ ഇതുവരെ ഉണ്ടായിട്ടില്ല. ഭരണസഖ്യത്തിനുള്ളിലെ ഈ ആഭ്യന്തര കലഹം മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.