01/04/2026
[fontresizer_tawhidurrahmandear_widget]

തോറ്റു, നാണംകെട്ട്; ഇന്ത്യയെ 408 റണ്‍സിനു തകര്‍ത്ത് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തമാക്കി

 തോറ്റു, നാണംകെട്ട്; ഇന്ത്യയെ 408 റണ്‍സിനു തകര്‍ത്ത് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തമാക്കി

ഗുവാഹത്തി: ബാര്‍സപാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയെ 408 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. വിജയത്തോടെ 2025-26 ലെ ഫ്രീഡം ട്രോഫി ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-0 ന് തൂത്തുവാരി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 2000നുശേഷം ഇന്ത്യന്‍ മണ്ണില്‍ പ്രോട്ടീസിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയവും.

തുടക്കം മുതല്‍ അവസാനം വരെ ദക്ഷിണാഫ്രിക്കന്‍ ആധിപത്യമാണ് ഗുവാഹത്തിയില്‍ കണ്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ഴാന്‍സണ്‍ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ (93) പുറത്തായ ഴാന്‍സണ്‍, പന്തെറിയാനെത്തിയപ്പോള്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബാറ്റിങ്് നിരയെ തകര്‍ത്തു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 489 റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറി നേടിയ സെനുരന്‍ മുത്തുസാമി(109), ട്രിസ്റ്റന്‍ സ്റ്റബ്‌സ്(94) എന്നിവരും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിന് കരുത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 201 റണ്‍സിന് എല്ലാവരും പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍, യശസ്വി ജയ്സ്വാള്‍ (58), വാഷിങ്ടണ്‍ സുന്ദര്‍ (48) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. 288 റണ്‍സിന്റെ കൂറ്റന്‍ ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 260/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയും ഇന്ത്യക്ക് മുന്നില്‍ 549 റണ്‍സിന്റെ അസാധ്യമെന്ന് തോന്നിപ്പിക്കുന്ന വിജയലക്ഷ്യം വെക്കുകയും ചെയ്തു.

549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലും ദയനീയമായി തകര്‍ന്നു. മാര്‍ക്കോ ഴാന്‍സണ്‍, സൈമണ്‍ ഹാര്‍മര്‍ എന്നിവരുടെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ 408 റണ്‍സിന്റെ വലിയ മാര്‍ജിനില്‍ ഇന്ത്യ പരാജയം സമ്മതിച്ചു.

തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

Also read: