ബൈ ബൈ റസല്‍; ഐ.പി.എല്‍ കളി മതിയാക്കി വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍
കിങ്സ്റ്റണ്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ആന്ദ്രെ റസല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍.) നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത സീസണിനായുള്ള താരലേലത്തിന് മുന്നോടിയായി ടീം മാനേജ്മെന്റ് റസലിനെ റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. കെ.കെ.ആര്‍ പരിശീലക സംഘത്തിലോ മെന്റര്‍ പദവിയിലോ താരം തുടരുമെന്നാണു വിവരം. (Andre Russell retires from IPL after getting released by KKR)
ഏറെക്കാലമായി കൊല്‍ക്കത്തയുടെ അവിഭാജ്യ ഘടകമായിരുന്നു റസല്‍. പരിക്കിന്റെ പിടിയിലായിട്ടും നിരവധി സീസണുകളില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിന് വിജയങ്ങള്‍ സമ്മാനിച്ച താരമാണ് അദ്ദേഹം. എന്നാല്‍, താരത്തിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം റസലിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.
കളിക്കാരനെന്ന നിലയില്‍ വിരമിച്ചെങ്കിലും, റസല്‍ ഐ.പി.എല്‍ ലോകത്ത് നിന്ന് പൂര്‍ണമായും വിട്ടുപോകുന്നില്ല എന്നതാണ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്ത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഭാഗമായി പുതിയ റോളില്‍ അദ്ദേഹം തിരിച്ചെത്തും. കെ.കെ.ആര്‍ പരിശീലക സംഘത്തിലോ, യുവതാരങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന മെന്റര്‍ പദവിയിലോ ആയിരിക്കും റസലിന്റെ പുതിയ നിയമനം എന്നാണ് സൂചന.