‘ഇന്ത്യയിലെ സുതാര്യമായ തെരഞ്ഞെടുപ്പിനുള്ള ലോകത്തിന്റെ അംഗീകാരം, അഭിമാനനിമിഷം’ ‘ഇന്റര്‍നാഷണല്‍ ഐഡിയ’യുടെ അധ്യക്ഷപദത്തില്‍ ഗ്യാനേഷ് കുമാര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതക്ക് ലോകം നല്‍കിയ അംഗീകാരമാണ് ‘ഇന്റര്‍നാഷനല്‍ ഐഡിയ’ അധ്യക്ഷസ്ഥാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. 37 ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഇന്റര്‍നാഷനല്‍ ഐഡിയ) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (India’s Electoral Process Recognized Globally; ‘A Moment of Pride for Every Indian,’ Says CEC Gyanesh Kumar on International IDEA Chairship)
ലോകത്തെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും തെരഞ്ഞെടുപ്പ് സുതൂര്യത ഉറപ്പാക്കാനുമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതെന്നും ഇത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആര്‍, വോട്ട് കൊള്ള ഉള്‍പ്പെടെ രാജ്യത്ത് തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ സംബന്ധിച്ച് പല കോണുകളില്‍നിന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ നിയമനമെന്നതും ശ്രദ്ധേയമാണ്.
‘ഇന്ത്യയിലെ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പുകളുടെ വിജയകരമായ നടത്തിപ്പിനെ ലോകം അംഗീകരിക്കുകയാണ് ഈ നിയമനത്തിലൂടെ. അതുകൊണ്ടാണ്, 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ 37 ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ഐഡിയ ഇന്ത്യയെ അധ്യക്ഷസ്ഥാനത്തേക്ക് ക്ഷണിച്ചത്. ഇത് ഓരോ ഇന്ത്യക്കാരനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കും വലിയ അഭിമാന നിമിഷമാണ്,’ ഗ്യാനേഷ് ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ലഭിച്ച ഈ ക്ഷണം, തെരഞ്ഞെടുപ്പ് നടത്തിപ്പിലെ നമ്മുടെ കഴിവുകള്‍ക്കുള്ള ആദരവാണ്. 99.1 കോടിയിലധികം വോട്ടര്‍മാരുള്ള ഇന്ത്യയുടെ വിപുലമായ അനുഭവം ആഗോളതലത്തില്‍ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
2026 ഡിസംബര്‍ മൂന്നിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ വച്ച് ഗ്യാനേഷ് കുമാര്‍ ഔദ്യോഗികമായി ഈ പദവി ഏറ്റെടുക്കും.