“ബ്രിട്ടീഷ് ഭരണകാലത്ത് വന്ദേമാതരം ആലപിച്ചതിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്ന നാല് ആർഎസ്എസുകാരുടെ കാരുടെ പേര് പറയൂ…”-എഎപി എംപി സഞ്ജയ് സിങ് പാർലമെൻ്റിൽ
ന്യൂഡൽഹി: ‘വന്ദേമാതരം’ 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷവിമർശനവുമായി എഎപി എംപി സഞ്ജയ് സിംഗ്. സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കുമില്ലെന്ന് ആരോപിച്ച അദ്ദേഹം, ‘വന്ദേമാതരം’ വിളിച്ചതിന്റെ പേരിൽ ജയിലിൽ പോയ നാല് ആർഎസ്എസുകാരുടെ പേരുകൾ പറയാൻ ഭരണപക്ഷത്തെ വെല്ലുവിളിച്ചു. ചൊവ്വാഴ്ച നടന്ന ഏഴ് മണിക്കൂർ നീണ്ട ചർച്ച ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലിനാണ് വേദിയായത്.
തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സർക്കാർ ഈ ചർച്ച ഉപയോഗിക്കുന്നതെന്ന് സഞ്ജയ് സിംഗും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചു. റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ ദേശീയ ആസ്തികൾ സ്വകാര്യവൽക്കരിക്കുന്നത് മാതൃരാജ്യത്തോടുള്ള അനാദരവാണെന്നും, സർക്കാർ തങ്ങളുടെ തെറ്റുകളും കുറ്റകൃത്യങ്ങളും മറച്ചുവെക്കാനാണ് ഈ ചർച്ചയെ മറയാക്കുന്നതെന്നും സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി.
സഞ്ജയ് സിംഗിന്റെ വെല്ലുവിളി
“ബ്രിട്ടീഷ് ഭരണകാലത്ത് ‘വന്ദേമാതരം’ വിളിച്ചതിന്റെ പേരിൽ നിരവധി പേർ ലാത്തിയടിയേൽക്കുകയും ജയിലിലാവുകയും ചെയ്തു. എന്നാൽ ആർഎസ്എസിൽ നിന്ന് അങ്ങനെ ജയിലിൽ പോയ നാല് പേരുടെ പേര് പറയാമോ?” – സഞ്ജയ് സിംഗ് ചോദിച്ചു. 1925-ൽ രൂപീകൃതമായ ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയുമില്ലെന്നും, സർദാർ വല്ലഭ്ഭായി പട്ടേലിനെപ്പോലുള്ള നേതാക്കളെ ബിജെപി ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സർക്കാരിനെതിരെ ഖാർഗെ
1921-ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ കോൺഗ്രസുകാർ ‘വന്ദേമാതരം’ വിളിച്ചാണ് ജയിലിൽ പോയതെന്നും, ആ സമയത്ത് ബിജെപിയുടെ മുൻഗാമികൾ ബ്രിട്ടീഷുകാർക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നുവെന്നും മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി കോൺഗ്രസ് വന്ദേമാതരത്തെ തള്ളിപ്പറഞ്ഞുവെന്ന ബിജെപിയുടെ ആരോപണത്തെയും അദ്ദേഹം തള്ളി.
ബിജെപിയുടെ മറുപടി
പ്രതിപക്ഷം ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായിരുന്നുവെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് ഗാനത്തെ വെട്ടിച്ചുരുക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആരോപിച്ചു. സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കുന്നതിനെ നാഷണൽ കോൺഫറൻസ് എംപി അഗ സയ്യിദ് റുഹുള്ള മെഹ്ദി ചോദ്യം ചെയ്തതിനെ ബിജെപി എംപി രാധാ മോഹൻ ദാസ് അഗർവാൾ വിമർശിച്ചു.