മണ്ഡല പുനർനിർണയം; ഒരു രാഷ്ട്രീയ നോട്ട് നിരോധനം ആയി മാറുമെന്ന് ശശി തരൂർ
ന്യൂഡൽഹി: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടപ്പിലാക്കുമ്പോൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് അത് വലിയ ഭീഷണിയാകുമെന്ന് ശശി തരൂർ പാർലമെന്റിൽ മുന്നറിയിപ്പ് നൽകി. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച മാതൃക കാണിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ശിക്ഷയായും, ജനസംഖ്യ വർദ്ധിപ്പിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാരിതോഷികമായും ഈ നടപടി മാറുമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വിമർശനം. നോട്ടുനിരോധനം പോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ‘രാഷ്ട്രീയ നോട്ടുനിരോധനമായി’ ഇത് മാറും. വനിതാ സംവരണമാണ് ലക്ഷ്യമിടുന്നുവെങ്കിൽ യാതൊരു നിബന്ധനകളും കൂടാതെ ഈ നിയമം ഉടനടി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും തരൂർ ആവശ്യപ്പെട്ടു.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രം സീറ്റുകൾ നിശ്ചയിച്ചാൽ പാർലമെന്റിൽ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യവും ശബ്ദവും ഗണ്യമായി കുറയുമെന്നും ഇത് ജനാധിപത്യപരമായ അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാജ്യം ഒരുമിച്ച് വളരണമെങ്കിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, കേവലം കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രം മണ്ഡലങ്ങൾ വിഭജിക്കരുതെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഭരണഘടനാപരമായ പരിരക്ഷ ഉറപ്പാക്കാതെ മുന്നോട്ട് പോകുന്നത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്നും തരൂർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുമ്പോഴും, അതിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ സ്ത്രീസമൂഹത്തോടുള്ള കടുത്ത ചതിയാണെന്ന് ശശി ചൂണ്ടിക്കാട്ടി. സംവരണം നടപ്പിലാക്കുന്നതിനെ മണ്ഡലപുനർനിർണ്ണയവുമായും സെൻസസുമായും ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് സ്ത്രീകളുടെ അവകാശങ്ങളെ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിബന്ധനകൾ വഴി വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
അടുത്ത സെൻസസും മണ്ഡലപുനർനിർണ്ണയവും കഴിഞ്ഞാൽ മാത്രമേ സംവരണം നടപ്പിലാകൂ എന്നത് പ്രായോഗികമായി വലിയ താമസമെടുക്കുന്ന പ്രക്രിയയാണ്. ഇത് സ്ത്രീകളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച മാതൃക കാണിച്ച കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡലപുനർനിർണ്ണയം വലിയ തിരിച്ചടിയാകും. ജനസംഖ്യ കുറഞ്ഞതിന്റെ പേരിൽ ഈ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യം കുറയുന്നത് ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണ്.