02/03/2026
[fontresizer_tawhidurrahmandear_widget]

’ശരദ് പവാർ എന്റെ മെൻ്റർ: എൻസിപി തലവന് വാഴ്ത്തുമായി ഗൗതം അദാനി;അദാനി കഠിനാധ്വനികളായ യുവാക്കൾക്ക് പ്രചോദനമെന്ന് പവാറും

 ’ശരദ് പവാർ എന്റെ മെൻ്റർ: എൻസിപി തലവന് വാഴ്ത്തുമായി ഗൗതം അദാനി;അദാനി കഠിനാധ്വനികളായ യുവാക്കൾക്ക് പ്രചോദനമെന്ന് പവാറും

മുംബൈ: ശരദ് പവാറിനെ തന്റെ ഉപദേഷ്ടാവായും വഴികാട്ടിയായും വിശേഷിപ്പിച്ച് വ്യവസായ പ്രമുഖൻ ഗൗതം അദാനി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ക്യാമ്പസിൽ ‘ശരദ്ചന്ദ്ര പവാർ സെന്റർ ഫോർ എക്‌സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും പവാറിന്റെ ജ്ഞാനവും സഹാനുഭൂതിയും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദാനി പറഞ്ഞു. പവാർ ബാരാമതിയിൽ നടപ്പിലാക്കിയ വികസന മാതൃകകൾ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദാനിയുടെ വളർച്ച കഠിനാധ്വാനികളായ യുവാക്കൾക്ക് പ്രചോദനമാണെന്ന് ശരദ് പവാർ ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ സാധാരണ ഗ്രാമത്തിൽ നിന്നും ആരംഭിച്ച് 23 സംസ്ഥാനങ്ങളിലായി പടർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള അദാനിയുടെ യാത്രയെ പവാർ പ്രശംസിച്ചു. ചടങ്ങിൽ വിദ്യാ പ്രതിഷ്ഠാനും അദാനി ഗ്രൂപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്ററിലെ ഗവേഷണ പ്രവർത്തനങ്ങൾക്കും യുവജനങ്ങളുടെ പ്ലേസ്‌മെന്റുകൾക്കും അദാനി ഗ്രൂപ്പിന്റെ നേരിട്ടുള്ള പിന്തുണയുണ്ടാകും. കൃഷിക്കും ഗ്രാമവികസനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള അത്യാധുനിക എഐ സാങ്കേതികവിദ്യകളാകും ഈ സെന്റർ വികസിപ്പിക്കുക.

എൻസിപിയിലെ പിളർപ്പിന് ശേഷം ശരദ് പവാറും അജിത് പവാറും ഒരേ വേദി പങ്കിട്ടു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ടായിരുന്നു. സുപ്രിയ സുലെ, സുനേത്ര പവാർ, രോഹിത് പവാർ തുടങ്ങിയ പവാർ കുടുംബത്തിലെ പ്രമുഖരെല്ലാം സന്നിഹിതരായിരുന്നു. ചടങ്ങിൽ സുപ്രിയ സുലെ അദാനിയെ ‘ബിഗ് ബ്രദർ’ എന്ന് വിശേഷിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

അദാനി ഗ്രൂപ്പും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദേശീയതലത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ശരദ് പവാർ അദാനിയുമായി വേദി പങ്കിട്ടത്. എന്നാൽ അദാനിയുമായുള്ളത് പവാറിന്റെ വ്യക്തിപരമായ ബന്ധമാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിർണായകമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ പവാറിന്റെ ഈ നിലപാട് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.

Also read: