01/04/2026
[fontresizer_tawhidurrahmandear_widget]

വില്യം ലോഗനെ മാപ്പിള ചരിത്രം പഠിപ്പിച്ച തങ്ങള്‍! അറക്കല്‍ രാജാവിന്റെ ‘അംബാസഡര്‍’, ഗുരുവിന്റെ ‘ആത്മ’സുഹൃത്ത്-വരക്കല്‍ മുല്ലക്കോയ തങ്ങള്‍ എന്ന ഇതിഹാസജീവിതം

 വില്യം ലോഗനെ മാപ്പിള ചരിത്രം പഠിപ്പിച്ച തങ്ങള്‍! അറക്കല്‍ രാജാവിന്റെ ‘അംബാസഡര്‍’, ഗുരുവിന്റെ ‘ആത്മ’സുഹൃത്ത്-വരക്കല്‍ മുല്ലക്കോയ തങ്ങള്‍ എന്ന ഇതിഹാസജീവിതം

കേരളീയ മുസ്‌ലിം ഉത്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വമാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന വടവൃക്ഷത്തിന് വിത്തുപാകിയ, അതിന്റെ പ്രഥമ പ്രസിഡന്റ് എന്ന നിലയില്‍ ചരിത്രം രേഖപ്പെടുത്തിയ ആ മഹാനുഭാവന്റെ ജീവിതം അപൂര്‍വതകളുടേതായിരുന്നു. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, ആ സംഘബലത്തിനു ദിശാബോധം നല്‍കിയ വരക്കല്‍ തങ്ങളുടെ ജീവിതം വര്‍ത്തമാന കാലത്തും വിസ്മയകരമാണ്.

യമനിലേക്കു നീളുന്ന പാരമ്പര്യം

1840ല്‍ കോഴിക്കോട് പുതിയങ്ങാടിയിലെ പ്രശസ്തമായ വലിയമാളിയേക്കല്‍ തറവാട്ടിലാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ഹാമിദ് ബാഅലവി എന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ജനിക്കുന്നത്.

യമനിലെ ഹളര്‍മൗത്തില്‍നിന്ന് കേരളത്തില്‍ കുടിയേറിയ സയ്യിദ് അലി ഹാമിദ് ബാഅലവിയുടെ പാരമ്പര്യത്തിലാണ് തങ്ങള്‍ വരുന്നത്. പിതാവ് സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങളും മാതാവ് മരക്കാരകത്ത് ശരീഫ ചെറിയ ബീവിയുമാണ്. സയ്യിദ് മുഹമ്മദ് കുഞ്ഞി സീതിക്കോയ തങ്ങള്‍, ശരീഫ മുല്ലബീവി എന്നിവര്‍ സഹോദരങ്ങളും.

അറക്കല്‍ രാജവംശവുമായുള്ള ‘രക്തബന്ധം’

വരക്കല്‍ തങ്ങള്‍ക്ക് കണ്ണൂര്‍ അറക്കല്‍ രാജവംശവുമായി കേവലം ഒരു ഔദ്യോഗിക ബന്ധം മാത്രമല്ല ഉണ്ടായിരുന്നത്, മറിച്ച് അതൊരു രക്തബന്ധം കൂടിയായിരുന്നു എന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. 17-ാം നൂറ്റാണ്ടില്‍ കണ്ണൂരിലെത്തി അറക്കല്‍ കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ച ഹള്റമീ പണ്ഡിതനായിരുന്നു സയ്യിദ് മുഹമ്മദ് ബിന്‍ ഉമര്‍ ബാഫഖീഹ് തങ്ങള്‍. അദ്ദേഹത്തിന്റെ പുത്രി ഫാത്വിമ ബീവിയാണ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പിതാമഹനായ ഹാമിദ് ബാഅലവി തങ്ങളുടെ മാതാവ്. ഈ കുടുംബബന്ധം പില്‍ക്കാലത്ത് മലബാറിലെ മുസ്‌ലിം നേതൃത്വവും അറക്കല്‍ രാജസ്വരൂപവും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

അറക്കല്‍ ആലി രാജാവും തങ്ങളും തമ്മില്‍ നിലനിന്നിരുന്നത് വളരെ ഊഷ്മളമായ ബന്ധമായിരുന്നു. രാജാവിന്റെ കൊട്ടാരത്തില്‍ പ്രധാനപ്പെട്ട പല ചുമതലകളും തങ്ങളില്‍ നിക്ഷിപ്തമായിരുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള കത്തുകള്‍ തയ്യാറാക്കുക, അവിടങ്ങളില്‍ നിന്ന് വരുന്ന കത്തുകള്‍ പരിഭാഷപ്പെടുത്തി മറുപടി നല്‍കുക തുടങ്ങിയവ തങ്ങളുടെ മേല്‍നോട്ടത്തിലാണ് നടന്നിരുന്നത്. ചുരുക്കത്തില്‍, അറക്കല്‍ രാജാവിന് വേണ്ടി അറബ് രാജ്യങ്ങളുമായും ഉത്തരേന്ത്യന്‍ രാജാക്കന്മാരുമായും ബന്ധപ്പെടുന്ന ഒരു ‘അംബാസിഡര്‍’ ആയി അദ്ദേഹം വര്‍ത്തിച്ചു.

ഭരണകാര്യങ്ങളില്‍ പോലും രാജാവ് തങ്ങളോട് അഭിപ്രായം ചോദിച്ചിരുന്നു. അതിനാല്‍ ഇസ്‌ലാമിക വിശ്വാസധാരയ്ക്ക് അനുസൃതമായി നീതിയുക്തമായ ഭരണം നടത്താന്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അറക്കല്‍ രാജാവിനെ സഹായിച്ചു. ഈ ബന്ധത്തിന്റെ ആഴം തെളിയിക്കുന്നതാണ് രാജാവ് തങ്ങള്‍ക്ക് നല്‍കിയ ആദരവുകള്‍. കണ്ണൂരിലേക്കു കുതിരവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ വഴിയില്‍ ദാഹം മാറ്റാന്‍, നിര്‍ത്തേണ്ട സ്ഥലങ്ങളില്‍ ഇളനീര്‍ പറിച്ചു കൊടുക്കാന്‍ രാജാവ് പ്രത്യേകം തെങ്ങുകള്‍ നിശ്ചയിച്ചു കൊടുത്തിരുന്നുവത്രെ.

ഹൈദരാബാദ് നൈസാമും ഇരട്ടക്കുതിര വണ്ടിയും

അക്കാലത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനും പ്രബലനുമായ ഭരണാധികാരിയായിരുന്നു ഹൈദരാബാദ് നൈസാം. നൈസാമും വരക്കല്‍ തങ്ങളും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഹൈദരാബാദ് നൈസാമും അറക്കല്‍ രാജാവും പത്‌നിയും തങ്ങളെ കാണാന്‍ പുതിയങ്ങാടിയിലെ വസതിയില്‍ എത്താറുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ സ്വീകാര്യത എത്രത്തോളമായിരുന്നു എന്ന് തെളിയിക്കുന്നു.

തങ്ങള്‍ക്ക് സഞ്ചരിക്കാനായി ഇരട്ടക്കുതിരകളെ പൂട്ടിയ പ്രത്യേക കുതിരവണ്ടിയാണ് നൈസാം ഹൈദരാബാദില്‍നിന്നും സമ്മാനിച്ചത്. പിന്നീട് തങ്ങളുടെ യാത്രകള്‍ ഈ രാജകീയ വണ്ടിയിലായിരുന്നു. ഒരു പണ്ഡിതന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ രാജകീയ ആദരവുകളാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസവും

അമൂല്യ ഗ്രന്ഥങ്ങളാല്‍ സമ്പന്നമായിരുന്നു പുതിയങ്ങാടിയിലെ തങ്ങളുടെ വീട്. എങ്കിലും പ്രാഥമിക പഠനത്തിന് അദ്ദേഹം വേറെ ഇടം തേടി. പ്രമുഖ പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ കിന്‍സിങ്ങാന്റകത്ത് അബൂബക്കര്‍ കുഞ്ഞിഖാസി, മദീനയില്‍ നിന്നുള്ള സയ്യിദ് അലി അത്താസ്, യെമനില്‍ നിന്നുള്ള അബ്ദുല്ലാഹില്‍ മഗ്രിബി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്.

ഭാഷാപഠനത്തിന് തങ്ങള്‍ക്കുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. അറബിക്ക് പുറമെ ഉറുദു, പേര്‍ഷ്യന്‍, മലയാളം തുടങ്ങിയ ഭാഷകളില്‍ അനായാസം സംസാരിക്കാനും എഴുതാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സായിപ്പുമാരുമായുള്ള ബന്ധം ഇംഗ്ലീഷ് ഭാഷ പഠിക്കാനും അദ്ദേഹം ഉപയോഗപ്പെടുത്തി. ബ്രിട്ടീഷുകാരുമായി അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കാനും മുസ്‌ലിംകളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും ഇത് അദ്ദേഹത്തെ സഹായിച്ചു.

ബ്രിട്ടീഷുകാരുടെ നിലപാട് മാറ്റവും വില്യം ലോഗനും

1792 മുതല്‍ 1900 വരെയുള്ള കാലഘട്ടം മലബാര്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണങ്ങളുടെ കാലമായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്കിടയില്‍ സമുദായത്തിന് വലിയ തകര്‍ച്ച നേരിട്ടു. എന്നാല്‍ 1865-ഓടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മാപ്പിളമാരോടുള്ള തങ്ങളുടെ കടുംപിടുത്തത്തില്‍ മാറ്റം വരുത്തി. സമുദായ നേതാക്കളെയും പണ്ഡിതരെയും അംഗീകരിച്ചുകൊണ്ട് സമാധാനം സ്ഥാപിക്കാനുള്ള തന്ത്രം അവര്‍ മെനഞ്ഞു.

ഈ സാഹചര്യത്തില്‍, മുസ്‌ലിം കൈരളിയുടെ ആത്മീയ നേതാവായ വരക്കല്‍ തങ്ങളെ അവര്‍ക്ക് അംഗീകരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കലക്ടര്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ പുതിയങ്ങാടിയില്‍ തങ്ങളെ സന്ദര്‍ശിച്ച് മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയ്തു.

മലബാര്‍ മാന്വലും വില്യം ലോഗനും ഈ ബന്ധം ചരിത്രരചനയിലും നിര്‍ണായകമായി. മലബാര്‍ കലക്ടറും ‘മലബാര്‍ മാന്വലി’ന്റെ കര്‍ത്താവുമായ വില്യം ലോഗന്‍ തങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു. മലബാര്‍ മാന്വലില്‍ മലബാറിലെ മാപ്പിള സമൂഹത്തെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് ലോഗനെ സഹായിച്ചത് തങ്ങളായിരുന്നു. ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള തങ്ങളുടെ പ്രാവീണ്യം ലോഗന് വലിയ സഹായമായി. സൈനുദ്ദീന്‍ മഖ്ദൂമിന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ ഉള്‍പ്പെടെയുള്ള അറബ് ചരിത്ര ഗ്രന്ഥങ്ങളുടെ ഉള്ളടക്കം അദ്ദേഹം ലോഗന് പരിഭാഷപ്പെടുത്തി നല്‍കി.

ശ്രീനാരായണ ഗുരുവുമായുള്ള ആത്മബന്ധം

വരക്കല്‍ തങ്ങളുടെ വ്യക്തിപ്രഭാവം മുസ്‌ലിംകളില്‍ മാത്രം ഒതുങ്ങിനിന്നില്ല. 1920 മുതല്‍ 1928 വരെയുള്ള കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുവുമായി അദ്ദേഹം പുലര്‍ത്തിയിരുന്ന ബന്ധം ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ഒരേടാണ്. കാറ്റ് ജലത്തോടു പുലര്‍ത്തുന്ന സൗഹൃദം പോലെ തികച്ചും സ്വാഭാവികവും സഹജവുമായിരുന്നു ആ ബന്ധം. എന്നാല്‍, അതു ചരിത്രകാരന്മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായില്ല. കാരണം, അക്കാലത്ത് ആ മഹാന്മാര്‍ക്കിടയിലെ സ്‌നേഹം അത്രമേല്‍ സ്വാഭാവികമായിരുന്നു എന്നതുതന്നെ.

ശിഷ്യസമ്പത്തും സമസ്തയുടെ രൂപീകരണവും

അറിവും നേതൃപാടവവും കൊണ്ട് സമൂഹത്തിലെ നാനാതുറകളിലുള്ളവരെയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്ലിയാര്‍, പുതിയാപ്ല അബ്ദുറഹിമാന്‍ മുസ്ലിയാര്‍, മുഹമ്മദ് അബ്ദുല്‍ ബാരി മുസ്ലിയാര്‍ തുടങ്ങി പില്‍ക്കാലത്ത് ചരിത്രപുരുഷന്മാരായി മാറിയ പലരും വിദ്യതേടി പുതിയങ്ങാടിയില്‍ എത്തിയിരുന്നു.

മലബാറില്‍ മതനവീകരണ വാദങ്ങള്‍ തലപൊക്കിയപ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ പാരമ്പര്യ പണ്ഡിതന്മാര്‍ ഓടിയെത്തിയത് വരക്കല്‍ തങ്ങളുടെ അടുത്തേക്കായിരുന്നു. 1922-ല്‍ ഐക്യ സംഘം കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍, പണ്ഡിതന്മാര്‍ തങ്ങളെ സമീപിക്കുകയും, 1925-ല്‍ കോഴിക്കോട് കുറ്റിച്ചിറ പള്ളിയില്‍ വെച്ച് പണ്ഡിത സമ്മേളനം വിളിച്ചു ചേര്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് 1926 ജൂണ്‍ 26-ന് കോഴിക്കോട് ജൂബിലി ടൗണ്‍ഹാളില്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചരിത്രപ്രസിദ്ധമായ യോഗത്തിലാണ് ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ’ എന്ന പ്രസ്ഥാനം രൂപീകൃതമായത്. സംഘടനയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വിയോഗം വരെ ആ സ്ഥാനത്ത് തുടര്‍ന്ന് പ്രസ്ഥാനത്തിന് കരുത്തുറ്റ അടിത്തറ പാകി.

1932 ഡിസംബര്‍ 16-ന് ആ മഹാപുരുഷന്‍ ലോകത്തോട് വിടപറഞ്ഞു. പുതിയങ്ങാടി വരക്കല്‍ മഖാമിലാണ് അന്ത്യവിശ്രമം. പുതിയങ്ങാടി കോയ റോഡ് ഇന്നും ആ മഹാന്‍ നടന്ന വഴികളുടെ ഓര്‍മപ്പെടുത്തലായി നിലകൊള്ളുന്നു.

Also read: