03/04/2026
[fontresizer_tawhidurrahmandear_widget]

അപകടത്തിൽപ്പെട്ടാൽ പണമില്ലെന്ന് പേടിക്കേണ്ട! 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ജീവൻ രക്ഷിക്കാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ്

 അപകടത്തിൽപ്പെട്ടാൽ പണമില്ലെന്ന് പേടിക്കേണ്ട! 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ജീവൻ രക്ഷിക്കാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ്

ന്യൂഡൽഹി: രാജ്യത്ത് റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ (Cashless Treatment) ലഭ്യമാക്കുന്ന പദ്ധതി ഉടൻ നടപ്പിലാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നിർവഹിക്കും.

വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷയില്ലെങ്കിൽ പോലും അപകടത്തിൽപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. അപകടം നടന്നയുടനെ ജീവൻ രക്ഷിക്കാൻ നിർണായകമായ ‘ഗോൾഡൻ അവറി’ൽ പണമില്ലാത്തതിന്റെ പേരിൽ വിദഗ്ധ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഇതോടെ ഒഴിവാകും.

അപകടം നടന്നത് മുതൽ ഏഴ് ദിവസം വരെയാണ് ഈ പാക്കേജ് പ്രകാരമുള്ള ചികിത്സാ സഹായം ലഭിക്കുക. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള രാജ്യത്തെ എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാകും. ദേശീയപാതകളിലും സംസ്ഥാനപാതകളിലുമുണ്ടാകുന്ന അപകടങ്ങൾ ഇതിന്റെ പരിധിയിൽ വരും.

ഇൻഷുറൻസ് കമ്പനികൾ നൽകുന്ന തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിന്റെ ഒരു ശതമാനം വകമാറ്റി ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കും. ചണ്ഡീഗഢ്, ഹരിയാന എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയിച്ച മാതൃകയാണ് ഇപ്പോൾ രാജ്യവ്യാപകമാക്കുന്നത്.

ഇതിനുപുറമെ, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന ‘രഹ്‌വീർ’ പദ്ധതിയും വിപുലീകരിക്കും. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വാഹനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്ന വി2വി (Vehicle-to-Vehicle) സാങ്കേതികവിദ്യ നടപ്പിലാക്കാനും ബസ് ബോഡി നിർമാണത്തിൽ കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Also read: