എഥനോളിന് പിന്നാലെ ഡീസൽ വാഹനങ്ങൾക്കും ബയോ ഇന്ധനം ചേർക്കാൻ കേന്ദ്രസർക്കാർ; രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർത്ത് പരീക്ഷണം
മുംബൈ: പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്ത് വിതരണം ചെയ്തതിന് പിന്നാലെ, ഡീസലിലും ബയോ ഇന്ധനം ചേർക്കാനുള്ള വലിയ നീക്കവുമായി കേന്ദ്രസർക്കാർ. ഇതിന്റെ ആദ്യഘട്ടമായി ഡീസലിൽ രണ്ട് ശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. ഘട്ടങ്ങളായി ഇത് 15 ശതമാനം വരെ ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തിന്റെ ബദൽ ഇന്ധനനയത്തിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി.
ഡീസലിൽ നേരിട്ട് എഥനോൾ കലർത്താൻ കഴിയില്ലെന്നതിനാലാണ്, എഥനോളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഐസോബ്യൂട്ടനോൾ എന്ന ബയോ ഇന്ധനം ഡീസലിൽ ചേർക്കാൻ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ പ്രാരംഭ പരീക്ഷണങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചതെന്നും ജനറേറ്ററുകൾ എഥനോളിലും ഐസോബ്യൂട്ടനോളിലും വിജയകരമായി പ്രവർത്തിച്ചതായും ഗഡ്‌കരി അവകാശപ്പെട്ടു. ഊർജ്ജ സാന്ദ്രത കൂടിയതും എൻജിനുകൾക്ക് അനുയോജ്യവുമായ ഇന്ധനമാണ് ഐസോബ്യൂട്ടനോൾ. സാധാരണ ബയോ ഇന്ധനങ്ങളെ അപേക്ഷിച്ച് ഇതിൽ മലിനീകരണവും കുറവായിരിക്കും. ഈ പദ്ധതി പൂർണ്ണമായി നടപ്പിലാക്കാനായാൽ ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, നിലവിലുള്ള ഇ-20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതിനും എൻജിൻ തകരാറുകൾക്കും കാരണമാകുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഡീസലിലും ബയോ ഇന്ധനം കലർത്താനുള്ള പുതിയ നീക്കം വരുന്നത്. അടുത്തിടെ ഇ-20 പെട്രോൾ ഉപയോഗിച്ചതിനെത്തുടർന്ന് തന്റെ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് തകരാറിലായെന്ന ആരോപണവുമായി ബിഹാർ സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മനീഷ് കശ്യപ് രംഗത്തുവന്നിരുന്നു. എന്നാൽ ഈ ആരോപണം ടൊയോട്ട കമ്പനി തള്ളി. വാഹനം തകരാറിലായത് ഇ-20 പെട്രോൾ മൂലമല്ലെന്നും ഇന്ധനത്തിലുണ്ടായ മലിനീകരണം (contamination) കാരണമാണെന്നുമാണ് കമ്പനി വ്യക്തമാക്കിയത്.
2023 ഏപ്രിലിന് ശേഷം വിപണിയിലിറങ്ങിയ മിക്ക വാഹനങ്ങളും ഇ-20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമത കുറയുന്നതായും എൻജിൻ ഭാഗങ്ങൾക്ക് തേയ്മാനം സംഭവിക്കുന്നതായും ഉപഭോക്താക്കൾ പരാതിപ്പെടുന്നുണ്ട്. ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സമീപകാല സർവേയിലും പഴയ പെട്രോൾ വാഹന ഉടമകൾ മൈലേജ് കുറഞ്ഞതായും അറ്റകുറ്റപ്പണികൾ കൂടിയതായും സാക്ഷ്യപ്പെടുത്തുന്നു. വാഹനങ്ങളുടെ മൈലേജിൽ നേരിയ കുറവുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഇന്നലെ സമ്മതിച്ചിരുന്നു. എങ്കിലും, ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ധനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ കഴിയൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.