ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിൽ മുസ്ലിം യുവാവ് നിർമിച്ച സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി പഞ്ചായത്ത്; ഗ്രാമീണരുടെ പ്രതിഷേധവും ഫലം കണ്ടില്ല
ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിൽ, ഗ്രാമീണർക്കു വേണ്ടി അബ്ദുൽ നയീം എന്നയാൾ 20 ലക്ഷം മുടക്കി നിർമിച്ച പ്രൈമറി സ്കൂൾ പൊളിച്ചുമാറ്റി പഞ്ചായത്ത് അധികൃതർ. എല്ലാ അനുമതിപത്രങ്ങളും ഉണ്ടെന്ന ഗ്രാമവാസികളുടെ വാദങ്ങൾ അവഗണിച്ചാണ് ഭൈൻസ്‌ദേഹി തെഹ്‌സിലിലെ ധാബ ഗ്രാമത്തിൽ പുതുതായി നിർമിച്ച സ്കൂൾ കെട്ടിടം പൊളിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.
ഏകദേശം 2,000 പേർ വസിക്കുന്ന ധാബ ഗ്രാമത്തിൽ വെറും നാല് മുസ്ലീം കുടുംബങ്ങൾ മാത്രമാണുള്ളത്. ഗ്രാമത്തിൽ നിലവിൽ സ്കൂൾ സൗകര്യങ്ങളില്ലാത്തതിനാൽ കുട്ടികൾ അഞ്ച് കിലോമീറ്റർ അകലെയുള്ള സ്കൂളിനെയാണ് ആശ്രയിക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായി പ്രദേശവാസിയായ അബ്ദുൾ നയീം 20 ലക്ഷം രൂപ മുടക്കിയാണ് നഴ്സറി മുതൽ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാവുന്ന സ്കൂൾ നിർമിച്ചത്. സ്വന്തം ഭൂമിയിൽ സ്കൂൾ തുടങ്ങുന്നതിനായി ഡിസംബർ 30-ന് അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന് അപേക്ഷയും നൽകിയിരുന്നു.
എന്നാൽ, ഈ കെട്ടിടം അനധികൃതമായി പ്രവർത്തിക്കുന്ന ‘മദ്രസ’ ആണെന്ന തരത്തിൽ പ്രചരിച്ച കിംവദന്തികളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, തഹസിൽദാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിക്കുകയും പഞ്ചായത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ജനുവരി 11-ന് പഞ്ചായത്ത് കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ് നൽകുകയായിരുന്നു.
ഗ്രാമവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പഞ്ചായത്ത് പിന്നീട് എൻ.ഒ.സി നൽകിയെങ്കിലും, “മുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദം” ഉള്ളതിനാൽ കെട്ടിടം പൊളിക്കാതെ നിർവാഹമില്ലെന്ന് എസ്.ഡി.എം അറിയിച്ചതായി നയീം വെളിപ്പെടുത്തി. കെട്ടിടത്തിൽ എന്തെങ്കിലും നിയമലംഘനം ഉണ്ടെങ്കിൽ പിഴയടയ്ക്കാൻ തയ്യാറാണെന്നും കുട്ടികളുടെ വിദ്യാഭ്യാസം തടയരുതെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ല.
പരാതി നൽകാനായി 80 കിലോമീറ്റർ അകലെയുള്ള ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് പുറപ്പെട്ട നൂറുകണക്കിന് ഗ്രാമവാസികളെ പോലീസ് തടഞ്ഞുവെച്ചു. പിന്നീട് കളക്ടറുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്തുതന്നെ ഗ്രാമത്തിൽ പൊളിക്കൽ നടപടികൾ ആരംഭിച്ചു. ജെ.സി.ബി ഉപയോഗിച്ച് സ്കൂൾ കെട്ടിടം തകർക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“ഞങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനാണ് ഈ സ്കൂൾ നിർമിച്ചത്. ഇവിടെ മദ്രസ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല,” എന്ന് അയൽഗ്രാമമായ സോനോപാനിൽ നിന്നുള്ള രമേഷ് എന്ന വ്യക്തി വ്യക്തമാക്കി. തന്റെ ജീവിതസമ്പാദ്യം മുഴുവൻ ഉപയോഗിച്ച് നിർമിച്ച വീടും സ്കൂളും തകർത്തതിലുള്ള നിരാശയിലാണ് നയീം.