27/01/2026

താക്കറെ കോട്ട തകർന്നു; 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ പിടിച്ചടക്കി ബിജെപി!

 താക്കറെ കോട്ട തകർന്നു; 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ പിടിച്ചടക്കി ബിജെപി!

മുംബൈ: താക്കറെ കുടുംബത്തിന്റെ 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ബിജെപി നേതൃത്വത്തിലുള്ള സഖ്യം അധികാരം പിടിച്ചെടുത്തു. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനത്തിൽ ആദ്യമായാണ് ബിജെപി ഭരണത്തിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ കരുത്തുപ്രകടനമായും ഈ ഫലം വിലയിരുത്തപ്പെടുന്നത്.

ആകെ 227 വാർഡുകളുള്ള ബിഎംസിയിൽ 89 സീറ്റുകൾ നേടിയാണ് ബിജെപി കരുത്തുകാട്ടിയത്. 2017ലെ 82 സീറ്റുകൾ എന്ന റെക്കോർഡ് ബിജെപി തിരുത്തിക്കുറിച്ചു. സഖ്യകക്ഷിയായ ഏക്‌നാഥ് ഷിൻഡെ വിഭാഗം 29 സീറ്റുകൾ നേടിയതോടെ മഹായുതി സഖ്യത്തിന്റെ ആകെ സീറ്റ് നില 118 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ട 114 എന്ന സംഖ്യ സഖ്യം മറികടന്നു. അതേസമയം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം 65 സീറ്റുകളിലേക്ക് ചുരുങ്ങി. 2017ൽ അവിഭക്ത ശിവസേന 84 സീറ്റുകൾ നേടിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വികസനത്തിനും അഴിമതി വിരുദ്ധ ഭരണത്തിനുമുള്ള അംഗീകാരമാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ഹിന്ദുത്വവും വികസനവും വേർതിരിക്കാനാവില്ലെന്നും അദ്ദേഹം മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തിൽ പറഞ്ഞു. ‘ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നവർ മഹാരാഷ്ട്ര ഭരിക്കും’ എന്നായിരുന്നു ബിജെപി നേതാവ് നിതേഷ് റാണെയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒത്തുചേർന്ന് മറാത്തി വികാരം ഉയർത്താൻ ശ്രമിച്ചെങ്കിലും വോട്ടർമാർ അത് തള്ളി. ഹിന്ദി വിരുദ്ധ വികാരവും ദക്ഷിണേന്ത്യൻ വിരുദ്ധ പരാമർശങ്ങളും ഉൾപ്പെടുത്തി രാജ് താക്കറെ നടത്തിയ പ്രചാരണം പരാജയപ്പെട്ടു. മത്സരിച്ച 52 സീറ്റുകളിൽ കേവലം ആറ് സീറ്റുകൾ മാത്രമാണ് എംഎൻഎസിന് നേടാനായത്. താക്കറെമാരുടെ മറ്റൊരു സഖ്യകക്ഷിയായ ശരദ് പവാർ വിഭാഗം എൻസിപി ഒരു സീറ്റിലൊതുങ്ങി.

ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിട്ടത്. കേവലം 24 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. പ്രകാശ് അംബേദ്കറുടെ വിബിഎ എട്ട് സീറ്റുകൾ നേടി. എന്നാൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ആണ്. 2017ൽ രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന അവർ ഇത്തവണ എട്ട് വാർഡുകളിൽ വിജയിച്ചു.

Also read: