27/01/2026

ബിജെപിയെ പേടിച്ച് ഷിന്‍ഡെ സേന? മുംബൈയിലെ കൗണ്‍സിലര്‍മാരെ മുഴുവന്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി

 ബിജെപിയെ പേടിച്ച് ഷിന്‍ഡെ സേന? മുംബൈയിലെ കൗണ്‍സിലര്‍മാരെ മുഴുവന്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി

മുംബൈ: മുംബൈ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ ബിജെപി-ഷിന്‍ഡെ സേന സഖ്യം (മഹായുതി) വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും മുന്നണിയില്‍ അവിശ്വാസം പുകയുന്നു. ഫലം വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ശിവസേനയുടെ 29 കൗണ്‍സിലര്‍മാരെയും മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബാന്ദ്രയിലെ ആഡംബര ഹോട്ടലായ താജ് ലാന്‍ഡ്സ് എന്‍ഡിലേക്കാണ് ഷിന്‍ഡെ വിഭാഗം കോര്‍പറേറ്റര്‍മാരെ മാറ്റിയിരിക്കുന്നത്. സഖ്യത്തിന് ആകെ 118 സീറ്റുകള്‍ ലഭിച്ചതില്‍ 89 സീറ്റുകളും ബിജെപിക്കാണ്. ഷിന്‍ഡെ വിഭാഗത്തിന് 29 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 114 സീറ്റുകള്‍ മതിയാകും.

സഖ്യത്തില്‍ വലിയ കക്ഷി ബിജെപിയാണെങ്കിലും, മേയര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന വാശിയിലാണ് ഷിന്‍ഡെ പക്ഷം. കൗണ്‍സിലര്‍മാരെ ഒപ്പം നിര്‍ത്തി ബിജെപിയോട് വിലപേശാനാണ് ഷിന്‍ഡെയുടെ നീക്കം.

സഖ്യത്തിലാണെങ്കിലും, ബിജെപി തങ്ങളുടെ കൗണ്‍സിലര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമോ എന്ന ആശങ്ക ഷിന്‍ഡെ ക്യാംപിനുണ്ട്. സ്വന്തം പാളയത്തിലെ വിള്ളലുകള്‍ ഒഴിവാക്കാന്‍ കൂടിയാണ് ‘റിസോര്‍ട്ട് രാഷ്ട്രീയം’ പയറ്റുന്നതെന്നാണു സൂചന.

പ്രതിപക്ഷമായ ഉദ്ധവ് താക്കറെ പക്ഷത്തേക്കോ കോണ്‍ഗ്രസിലേക്കോ കൗണ്‍സിലര്‍മാര്‍ കൂറുമാറാതിരിക്കാനാണ് ഈ മുന്‍കരുതല്‍ എന്നാണ് ഷിന്‍ഡെ വിഭാഗം പുറത്തുപറയുന്നതെങ്കിലും, യഥാര്‍ത്ഥ ലക്ഷ്യം ബിജെപിയുമായുള്ള അധികാര വിഭജന ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടുകയാണെന്നു വ്യക്തമാണ്.

65 സീറ്റുമായി ഉദ്ദവ് ശിവസേനയാണ് രണ്ടാമത്തെ വലിയ കക്ഷി. കോണ്‍ഗ്രസ് 24 ഇടത്തും വിജയിച്ചിട്ടുണ്ട്.

Also read: