പൊന്ന് പൊള്ളുന്നു! പവന് 1,10,400; ഇന്ന് മാത്രം കൂടിയത് മൂന്ന് വട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ തകർത്ത് കുതിക്കുന്നു. ഇന്ന് മാത്രം പവന് 3160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയിലെത്തി. ഗ്രാമിന് 13,800 രൂപയാണ് ഇന്നത്തെ നിരക്ക്. പുതുവർഷം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. നാല് ദിവസങ്ങളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും വില കുറഞ്ഞത്.
ഇന്ന് മൂന്ന് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വർധിച്ചു. മൂന്നരയോടെ വീണ്ടും 200 രൂപ കൂടി ഉയർന്നതോടെ ഒരു ദിവസം കൊണ്ട് ഗ്രാമിന് 395 രൂപയുടെ വർധനവാണുണ്ടായത്. അന്താരാഷ്ട്ര തലത്തിലുണ്ടായ സംഘർഷങ്ങളും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. ആഗോള വിപണിയിൽ വില വർധിച്ചതും ബാങ്കുകൾ കൂടുതൽ സ്വർണം ശേഖരിക്കുന്നതും വിപണിയെ സ്വാധീനിച്ചു.
സ്വർണവില ഒരു ലക്ഷം കടന്നപ്പോൾ വിപണിയിൽ ഇടിവുണ്ടാകുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നെങ്കിലും നിലവിൽ വിലക്കയറ്റം തുടരുകയാണ്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.