28/03/2026
[fontresizer_tawhidurrahmandear_widget]

‘ചട്ടങ്ങള്‍ കാറ്റില്‍ പറത്തരുത്; നിങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരമില്ല’; എസ്‌ഐആറില്‍ തെര. കമ്മീഷന് സുപ്രീം കോടതിയുടെ താക്കീത്

 ‘ചട്ടങ്ങള്‍ കാറ്റില്‍ പറത്തരുത്; നിങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരമില്ല’; എസ്‌ഐആറില്‍ തെര. കമ്മീഷന് സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വിപുലമായ വിവേചനാധികാരങ്ങള്‍ ഉണ്ടെന്നത് ശരിയാണെങ്കിലും, അത് സ്വാഭാവിക നീതിക്കും നിലവിലുള്ള ചട്ടങ്ങള്‍ക്കും വിരുദ്ധമായി, നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. എസ്‌ഐആറുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കമ്മീഷന് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്.

1960-ലെ ഇലക്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വോട്ടര്‍ പട്ടിക പുതുക്കാന്‍ കമ്മീഷന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ‘ചട്ടങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ചട്ടങ്ങളെ പൂര്‍ണമായും വലിച്ചെറിയാന്‍ കഴിയില്ല,’ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി കമ്മീഷനോട് നിര്‍ദേശിച്ചു. 1960-ലെ ചട്ടങ്ങളിലെ റൂള്‍ 25 പ്രകാരം, തീവ്രമായ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുമ്പോള്‍ റൂള്‍ നാലു മുതല്‍ 23 വരെയുള്ള നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും ഇത് കമ്മീഷന്റെ അധികാരങ്ങള്‍ക്ക് മേലുള്ള നിയന്ത്രണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ‘ഫോം 6’-ല്‍ നിയമപ്രകാരം ആറു രേഖകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. എന്നാല്‍, നിലവിലെ എസ്‌ഐആര്‍ നടപടികള്‍ക്കായി കമ്മീഷന്‍ 11 രേഖകളാണ് ആവശ്യപ്പെടുന്നത്. ഇതില്‍നിന്ന് ആധാര്‍ കാര്‍ഡ് ഒഴിവാക്കുകയും ചെയ്തിരുന്നു. നേരത്തെ ബിഹാറിലെ കേസില്‍ കോടതി ഇടപെട്ടാണ് ആധാര്‍ ഉള്‍പ്പെടുത്തിയത്. നിയമപ്രകാരം നിര്‍ദേശിക്കപ്പെട്ട രേഖകള്‍ ഒഴിവാക്കാനോ, പുതിയവ കൂട്ടിച്ചേര്‍ക്കാനോ കമ്മീഷന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഫോം 6-ല്‍ പറയുന്ന രേഖകള്‍ പരിശോധിക്കില്ലെന്നും എസ്‌ഐആര്‍ പട്ടികയിലെ 11 രേഖകള്‍ മാത്രമേ പരിഗണിക്കൂ എന്നും കമ്മീഷന് വാശിപിടിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഭരണഘടനയുടെ 324-ാം അനുച്ഛേദവും ജനപ്രാതിനിധ്യ നിയമത്തിലെ(1950) സെക്ഷന്‍ 21(3)ഉം പ്രകാരം വോട്ടര്‍ പട്ടിക പുതുക്കാന്‍ കമ്മീഷന് പ്രത്യേക അധികാരമുണ്ടെന്നും, ഉചിതമെന്ന് തോന്നുന്ന രീതിയില്‍ അത് നടപ്പാക്കാമെന്നും കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു. എന്നാല്‍, ഈ വാദം മുഖവിലയ്ക്കെടുക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തയ്യാറായില്ല. ‘ഒരു വ്യക്തി ഇതിനകം വോട്ടറാണെങ്കില്‍, അയാളുടെ പേര് നീക്കം ചെയ്യുന്നത് അയാളുടെ സിവില്‍ അവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണം. നടപടികള്‍ നീതിയുക്തവും ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമില്ലാത്തതും ആയിരിക്കണം.’-ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.

എസ്‌ഐആര്‍ നടപടികള്‍ പശ്ചിമ ബംഗാളിലെ ജനങ്ങളില്‍ വലിയ മാനസിക സമ്മര്‍ദവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി കോടതി നിരീക്ഷിച്ചു. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ കാലഘട്ടത്തില്‍ ജനങ്ങള്‍ പലായനം ചെയ്യുമ്പോഴുള്ള സാഹചര്യം കണക്കിലെടുത്താണ് 1950-ലെ നിയമത്തില്‍ സംക്ഷിപ്തമായി പട്ടിക പുതുക്കാനുള്ള അധികാരം പാര്‍ലമെന്റ് നല്‍കിയതെന്ന് ജസ്റ്റിസ് ബാഗ്ചി വിശദീകരിച്ചു. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍, എത്ര ഉന്നത അധികാര കേന്ദ്രമായാലും നടപടിക്രമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.

Also read: