വിമാന ദുരന്തങ്ങൾ കവർന്നെടുത്ത പ്രമുഖർ: സഞ്ജയ് ഗാന്ധി മുതൽ ബിപിൻ റാവത്ത് വരെ
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പുണെയിലെ ബാരാമതിയിലുണ്ടായ വിമാനാപകടമാണ് 66കാരനായ പവാറിന്റെ ജീവനെടുത്തത്. ഇന്ത്യയുടെ രാഷ്ട്രീയസാമൂഹിക മേഖലകളിലെ പ്രമുഖർ വ്യോമയാന അപകടങ്ങളിൽ ഇല്ലാതാകുന്ന ദാരുണമായ ചരിത്രത്തിലേക്ക് ഒരു പേര് കൂടി ഇതോടെ ചേർക്കപ്പെട്ടു.
2025 ജൂണിൽ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തകർന്ന് മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 200ഓളം പേർ കൊല്ലപ്പെട്ടത് രാജ്യം നടുക്കത്തോടെയാണ് കേട്ടത്.
ഇന്ത്യയുടെ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ പല നേതാക്കളുടെയും യാത്ര അവസാനിച്ചത് വിമാനാപകടങ്ങളിലായിരുന്നു:
ഹോമി ഭാഭ (1966): ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ് ഹോമി ജഹാംഗീർ ഭാഭയുടെ മരണം സ്വിറ്റ്‌സർലൻഡിലെ മോണ്ട് ബ്ലാങ്കിലുണ്ടായ വിമാനാപകടത്തിലായിരുന്നു. പൈലറ്റും എയർ ട്രാഫിക് കൺട്രോളും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ഈ ദുരന്തത്തിന് കാരണമായത്.
സഞ്ജയ് ഗാന്ധി (1980): മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധി ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം വിമാനം തകർന്നാണ് മരിച്ചത്. രാഷ്ട്രീയത്തിൽ ജ്വലിച്ചു നിൽക്കുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
മാധവറാവു സിന്ധ്യ (2001): മുൻ കേന്ദ്രമന്ത്രിയും രാജകുടുംബാംഗവുമായിരുന്ന മാധവറാവു സിന്ധ്യ ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ചാർട്ടേഡ് വിമാനം തകർന്നാണ് മരിച്ചത്.
ജി.എം.സി. ബാലയോഗി (2002): ലോക്‌സഭാ സ്പീക്കറായിരിക്കെ ഹെലികോപ്റ്റർ തെങ്ങിൽ ഇടിച്ചാണ് ആന്ധ്രാപ്രദേശിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടത്.
ബിപിൻ റാവത്ത് (2021): ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചത് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്കേറ്റ വലിയ തിരിച്ചടിയായിരുന്നു.
ദോർജി ഖണ്ഡു (2011), ഒ.പി. ജിൻഡാൽ (2005) തുടങ്ങി നിരവധി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വവിമാന അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ വികസിച്ചിട്ടും വിവിഐപി യാത്രകളിൽ സംഭവിക്കുന്ന ഇത്തരം പാളിച്ചകൾ ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുന്നു.