കെ റെയിലിനായി 100 കോടി പാഴാക്കി; സംസ്ഥാന സർക്കാർ അനങ്ങുന്നില്ലെങ്കിൽ കേന്ദ്രവുമായി മുന്നോട്ട്- ഇ. ശ്രീധരൻ
കൊച്ചി: കെറെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 100 കോടി രൂപയോളം ചെലവാക്കിയിട്ടും ഫലമുണ്ടായില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. കേരളത്തിന് അനുയോജ്യം അതിവേഗ റെയിൽവേയാണെന്നും എന്നാൽ സർക്കാർ പ്രഖ്യാപിച്ച റാപ്പിഡ് റെയിൽ പദ്ധതിയുടെ വേഗത വളരെ കുറവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് പത്ത് മാസം മുൻപ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി നിർദ്ദേശങ്ങൾ സമർപ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെറെയിൽ പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതും തുടർന്ന് ചർച്ച നടന്നതും. പദ്ധതി മാറ്റത്തെക്കുറിച്ച് കേന്ദ്രത്തിന് കത്തയക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും പത്ത് മാസം പിന്നിട്ടിട്ടും ഫയലുകൾ നീങ്ങിയില്ല. സർക്കാരിന്റെ മെല്ലെപ്പോക്ക് കാരണമാണ് താൻ നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പദ്ധതിയുടെ ഡി.പി.ആർ (DPR) തയ്യാറാക്കാൻ വെറും 12 കോടി രൂപ മതിയാകുമെന്നും എട്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള അതിവേഗ റെയിൽവേയാണ് കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം. റാപ്പിഡ് റെയിലിന് കേവലം 7075 കിലോമീറ്റർ വേഗത മാത്രമേ ഉണ്ടാകൂ. റെയിൽവേ കേന്ദ്രത്തിന്റെ വിഷയമായതിനാൽ സംസ്ഥാനം സഹകരിച്ചില്ലെങ്കിലും കേന്ദ്ര നിലപാടനുസരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന് ഇ. ശ്രീധരൻ ഓർമ്മിപ്പിച്ചു. പദ്ധതി ചെലവിന്റെ 30 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും ബാക്കി 40 ശതമാനം ബോണ്ടുകൾ വഴിയും സമാഹരിക്കാമെന്നാണ് തന്റെ നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി