‘എൻസിപി ലയന തീയതി നിശ്ചയിച്ചിരുന്നു; എന്നാൽ അതിനുമുമ്പേ അജിത്തിന്റെ മരണം’- വെളിപ്പെടുത്തലുമായി ശരദ് പവാർ
ന്യൂഡൽഹി: രണ്ട് എൻസിപി വിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ അജിത് പവാറിന്റെ മരണത്തിന് മുമ്പ് തന്നെ പുരോഗമിച്ചിരുന്നുവെന്ന് ശരദ് പവാർ. ലയനം അജിത്തിന്റെ ആഗ്രഹമായിരുന്നുവെന്നും അത് സഫലമാകണമെന്നാണ് ഇപ്പോൾ തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് പവാർ, ശശികാന്ത് ഷിൻഡെ, ജയന്ത് പാട്ടീൽ എന്നിവർ ചേർന്ന് ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. അടുത്ത മാസം 12ന് ലയനം നടപ്പിലാക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായ വിയോഗം രാഷ്ട്രീയ നീക്കങ്ങളെ മാറ്റിമറിച്ചു.
അജിത് പവാർ ജനങ്ങൾക്കായി പ്രവർത്തിച്ച മികച്ച നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും പവാർ അനുസ്മരിച്ചു. പൊതുപ്രശ്‌നങ്ങളിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹം ബാരാമതിയിലെ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ കുടുംബത്തിലെ പുതിയ തലമുറ ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രധാന മാറ്റങ്ങൾക്കും സാധ്യത തെളിയുകയാണ്. അജിത്തിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മഹാരാഷ്ട്രയുടെ അടുത്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പിന്നീട് അവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സുനേത്ര പവാർ മകൻ പാർത്ഥിനൊപ്പം മുംബൈയിൽ എത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര മാറുമെന്നാണ് സൂചന.
എന്നാൽ, സുനേത്രയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് ശരദ് പവാർ വ്യക്തമാക്കി. തീരുമാനങ്ങൾ മുംബൈയിൽ പ്രഫുൽ പട്ടേൽ, സുനിൽ തത്കറെ തുടങ്ങിയ മുതിർന്ന നേതാക്കളാണ് എടുക്കുന്നതെന്നും തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പവാർ കുടുംബം ഒറ്റക്കെട്ടാണെന്നും കുടുംബത്തിൽ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപി വിഭാഗങ്ങൾ ലയിച്ചാലും എൻഡിഎയുടെ ഭാഗമാകുമോ എന്ന ചോദ്യം മാധ്യമങ്ങളുടെ ഊഹാപോഹം മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളി. അജിത് പവാറിന്റെ കുടുംബം എടുക്കുന്ന ഏത് തീരുമാനത്തെയും ബിജെപി പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിട്ടുണ്ട്.