02/03/2026
[fontresizer_tawhidurrahmandear_widget]

സി.ജെ. റോയിയുടെ മരണം: മുൻകൂട്ടി നിശ്ചയിച്ച ആത്മഹത്യയോ? ഡയറിയിലെ വെളിപ്പെടുത്തലുകൾ പുറത്ത്

 സി.ജെ. റോയിയുടെ മരണം: മുൻകൂട്ടി നിശ്ചയിച്ച ആത്മഹത്യയോ? ഡയറിയിലെ വെളിപ്പെടുത്തലുകൾ പുറത്ത്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയേറുന്നു. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അദ്ദേഹം ജീവനൊടുക്കിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സി.ജെ. റോയിയുടെ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളാണ് അന്വേഷണത്തിൽ നിർണ്ണായകമായിരിക്കുന്നത്.

ഒമ്പത് പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പിൽ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവി സംബന്ധിച്ചും നിക്ഷേപകരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. വിദേശ സംരംഭങ്ങളിലുണ്ടായ തിരിച്ചടിയും വ്യക്തിപരമായ പ്രയാസങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് സൂചന. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ട് എഴുതിയ കുറിപ്പിൽ, ആരെയാണ് ബിസിനസ് ഏൽപ്പിക്കേണ്ടതെന്നും പണം തിരികെ നൽകാനുള്ളവരുടെ പട്ടികയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് മരണം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന സംശയത്തിന് ബലമേകുന്നത്.

മരണദിവസം റോയി ഓഫീസിലെത്തിയ സമയം സംബന്ധിച്ച് ജീവനക്കാരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. സുരക്ഷാ ജീവനക്കാർ രണ്ട് മണിയെന്ന് പറയുമ്പോൾ സഹപ്രവർത്തകർ പറയുന്നത് മൂന്ന് മണിയെന്നാണ്. അതേസമയം, ആദായനികുതി വകുപ്പിന്റെ പീഡനമാണ് മരണകാരണമെന്ന കുടുംബത്തിന്റെ ആരോപണം ഉദ്യോഗസ്ഥർ നിഷേധിച്ചു. റോയിയെ അന്ന് ചോദ്യം ചെയ്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ടെന്നുമാണ് അവരുടെ വാദം. ശാസ്ത്രീയ പരിശോധനകൾക്കായി അദ്ദേഹത്തിന്റെ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 04712552056)

Also read: