‘തിരശ്ശീലയ്ക്ക് പിന്നിൽ എന്തോ സംഭവിച്ചു’: അജിത് പവാറിന്റെ മരണത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് സഞ്ജയ് റാവത്ത്
ന്യൂഡൽഹി: എൻസിപി മേധാവി അജിത് പവാറിന്റെ അപ്രതീക്ഷിത വേർപാടിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റവാത്ത് രംഗത്തെത്തി. കഴിഞ്ഞയാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച റവാത്ത് എഎൻഐയോട് പറഞ്ഞത് ഇങ്ങനെ: ‘തിരശ്ശീലയ്ക്ക് പിന്നിൽ എന്തോ സംഭവിച്ചിട്ടുണ്ട്. അജിത് പവാറിനെപ്പോലൊരു ഉന്നത നേതാവ് വിമാനാപകടത്തിൽ മരിച്ച രീതിയും പുറത്തുവരുന്ന വസ്തുതകളും അന്വേഷിക്കപ്പെടണം. ഇവിടെ എന്തോ സംശയാസ്പദമായിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തെ ഇത് ഓർമ്മിപ്പിക്കുന്നു, ഇവിടെ ആരെങ്കിലും എന്തെങ്കിലും ചെയ്‌തോ? അജിത് ദാദ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ബിജെപി നേതാക്കൾ അഴിമതി ഫയലുകൾ കാണിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടി നൽകി പത്ത് ദിവസത്തിനുള്ളിലാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ മരണം സംശയാസ്പദമാണെന്ന് പാർട്ടിയും കരുതുന്നു.’
അതേസമയം, അജിത് പവാറിന്റെ മരണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ശരദ് പവാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചിരുന്നു. എൻസിപി ലയന സാധ്യതകളെക്കുറിച്ചുള്ള വാർത്തകൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തള്ളിക്കളഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ബാരാമതിക്ക് സമീപം വിമാനം തകർന്ന് അജിത് പവാർ മരിച്ചത്.