02/03/2026
[fontresizer_tawhidurrahmandear_widget]

എപ്സ്റ്റീൻ ഫയൽസിലെ പരാമർശം; പീറ്റർ മണ്ടൽസൺ ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ചു

 എപ്സ്റ്റീൻ ഫയൽസിലെ പരാമർശം; പീറ്റർ മണ്ടൽസൺ ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ചു

വാഷിങ്ടൺ: യുകെയുടെ മുൻ യുഎസ് അംബാസിഡറും മന്ത്രിയുമായിരുന്ന പീറ്റർ മണ്ടൽസൺ ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുളള ബന്ധത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. പാർട്ടിക്ക് നാണക്കേടുണ്ടാകാതിരിക്കാനാണ് രാജിയെന്ന് മണ്ടൽസൺ പറഞ്ഞു. എപ്സ്റ്റീനുമായുളള ബന്ധം പുറത്തുവന്നതിനെ തുടർന്ന് നേരത്തെ പീറ്ററിനെ യുഎസ് അംബാസിഡർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

എപ്സ്റ്റീനുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന പുതിയ ഇമെയിലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ലേബർ പാർട്ടി അംഗത്വം മണ്ടൽസൺ ഉപേക്ഷിച്ചത്. ‘ജെഫ്രി എപ്സ്റ്റീനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളിൽ എനിക്ക് ഖേദമുണ്ട്’ എന്ന് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പേ നീതി ലഭിക്കേണ്ടിയിരുന്ന ഇരകളായ സ്ത്രീകളോടും പെൺകുട്ടികളോടും അദ്ദേഹം ഈ അവസരത്തിൽ ക്ഷമ ചോദിച്ചു. ലേബർ പാർട്ടിയുടെ വിജയത്തിനായി ജീവിതം സമർപ്പിച്ച ഒരാളെന്ന നിലയിൽ, പാർട്ടിയുടെ ഏറ്റവും മികച്ച താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2003-2004 കാലഘട്ടത്തിൽ മണ്ടൽസണും പങ്കാളിയും എപ്സ്റ്റീനിൽ നിന്ന് ഏകദേശം 75,000 ഡോളർ കൈപ്പറ്റിയതായി ഫിനാൻഷ്യൽ ടൈംസും ബിബിസിയും റിപ്പോർട്ട് ചെയ്തു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട അന്വേഷണ ഫയലുകളിലാണ് നിർണായക വിവരങ്ങളുള്ളത്. അടിവസ്ത്രം ധരിച്ച് സ്ത്രീയുടെ അരികിൽ നിൽക്കുന്ന മണ്ടൽസന്റെ ചിത്രവും രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ സ്ത്രീ ആരാണെന്നോ സാഹചര്യങ്ങൾ എന്താണെന്നോ തനിക്ക് അറിയില്ലെന്നാണ് ബിബിസിക്ക് നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞത്.

ബാങ്ക് ബോണസ് നികുതിയുമായി ബന്ധപ്പെട്ട് ജെപി മോർഗൻ ചീഫ് എക്‌സിക്യൂട്ടീവ് ജാമി ഡിമോൺ യുകെ ചാൻസലറെ ലഘുവായി ഭീഷണിപ്പെടുത്തണമെന്ന് മണ്ടൽസൺ എപ്സ്റ്റീനോട് ആവശ്യപ്പെട്ടതായും ഇമെയിലുകൾ സൂചിപ്പിക്കുന്നുണ്ട്. ഗവൺമെന്റ് പ്രഖ്യാപിച്ച നികുതിയിൽ ഇളവ് വരുത്താൻ താൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം എപ്സ്റ്റീനോട് പറഞ്ഞിരുന്നു. പണം കൈപ്പറ്റിയതിനെക്കുറിച്ച് ഓർമ്മയില്ലെന്ന് അദ്ദേഹം ആവർത്തിക്കുന്നുണ്ടെങ്കിലും, പുതിയ വെളിപ്പെടുത്തലുകൾ ലേബർ പാർട്ടിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Also read: