03/06/2026
[fontresizer_tawhidurrahmandear_widget]

‘നിങ്ങളെന്താ പ്രതീക്ഷിക്കുന്നത്, ഞാൻ ഇവിടെ കിടന്ന് കരയണോ’ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

 ‘നിങ്ങളെന്താ പ്രതീക്ഷിക്കുന്നത്, ഞാൻ ഇവിടെ കിടന്ന് കരയണോ’ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പ് പുറത്തുവന്നു. മാസങ്ങളോളം അന്വേഷിച്ചിട്ടും ഫെഡറൽ ഉദ്യോഗസ്ഥർക്ക് തന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾക്ക് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് എപ്സ്റ്റീൻ ഈ കുറിപ്പിലൂടെ അവകാശപ്പെടുന്നുണ്ട്. ‘ഞാൻ എന്താ ചെയ്യേണ്ടത്, ഇവിടെയിരുന്ന് പൊട്ടിക്കരയണോ? ഇതിലൊന്നും ഒരു രസവുമില്ല, ഇതൊന്നും ഒന്നിനും കൊള്ളില്ല’ എന്നിങ്ങനെയുള്ള നിരാശയും ദേഷ്യവും നിറഞ്ഞ വരികളാണ് ഇതിലുള്ളത്. 16 വർഷം പഴക്കമുള്ള കുറ്റാരോപണങ്ങളെക്കുറിച്ചും, യാത്ര പറയാനുള്ള സമയം സ്വയം തിരഞ്ഞെടുക്കുന്നത് ഒരു ഭാഗ്യമാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. കൃത്യമായ തീയതിയോ ഒപ്പോ ഇല്ലാത്ത ഈ കുറിപ്പ് വായിക്കാൻ പ്രയാസമുള്ള രീതിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

മുൻ പോലീസ് ഉദ്യോഗസ്ഥനും കൊലക്കേസ് പ്രതിയുമായ നിക്കോളാസ് ടാർട്ടാഗ്ലിയോൺ എന്ന എപ്സ്റ്റീന്റെ സെൽമേറ്റാണ് ഈ കുറിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. എപ്സ്റ്റീൻ ജയിലിൽ ആദ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷം അദ്ദേഹം താമസിച്ചിരുന്ന സെല്ലിലെ ഒരു പുസ്തകത്തിനുള്ളിൽ നിന്നാണ് തനിക്ക് ഇത് ലഭിച്ചതെന്ന് നിക്കോളാസ് അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം ഒരു പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം ഈ രഹസ്യം ആദ്യമായി പങ്കുവെച്ചത്. ലോകം മുഴുവൻ ചർച്ച ചെയ്ത എപ്സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരോടുള്ള അദ്ദേഹത്തിന്റെ കടുത്ത അമർഷവും ജയിൽ ജീവിതത്തിലെ മടുപ്പും ഈ വരികളിൽ വ്യക്തമാണ്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് എപ്സ്റ്റീൻ അനുഭവിച്ചിരുന്ന മാനസികാവസ്ഥയുടെ തെളിവായിട്ടാണ് ഈ കുറിപ്പ് ഇപ്പോൾ കോടതി രേഖകളുടെ ഭാഗമായി പുറത്തുവന്നിരിക്കുന്നത്.

Also read: