02/03/2026
[fontresizer_tawhidurrahmandear_widget]

കേരളത്തിൽ 30 സീറ്റുകളിൽ വിജയം ഉറപ്പാക്കണമെന്ന് നിതിൻ നവീൻ; വികസനവും സ്വർണക്കൊള്ളയും മുഖ്യവിഷയമാക്കും

 കേരളത്തിൽ 30 സീറ്റുകളിൽ വിജയം ഉറപ്പാക്കണമെന്ന് നിതിൻ നവീൻ; വികസനവും സ്വർണക്കൊള്ളയും മുഖ്യവിഷയമാക്കും

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 30 മണ്ഡലങ്ങളിൽ എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ ബിജെപി ലക്ഷ്യമിടുന്നു. കൊച്ചിയിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30 ശതമാനത്തിലധികം വോട്ട് ലഭിച്ച മണ്ഡലങ്ങളിലാണ് പാർട്ടി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും ‘ശബരിമല സ്വർണക്കൊള്ള’യും വരുംദിവസങ്ങളിൽ പാർട്ടിയുടെ പ്രധാന പ്രചാരണ വിഷയങ്ങളാകും. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ തകർക്കുകയാണെന്നും, ഇരുമുന്നണികളുടെയും അഴിമതിയും പ്രീണന രാഷ്ട്രീയവും ജനമധ്യത്തിൽ തുറന്നുകാട്ടണമെന്നും നിതിൻ നവീൻ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‌വ് പ്രകടിപ്പിക്കാത്ത 10 ശതമാനം വരുന്ന നിഷ്പക്ഷ വോട്ടർമാരെ എൻഡിഎ മുന്നണിയിലേക്ക് ആകർഷിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്.

സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുഷാർ വെള്ളാപ്പള്ളി, സാബു ജേക്കബ് തുടങ്ങിയ എൻഡിഎ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. പരിചയസമ്പന്നരായ ജനകീയ സ്ഥാനാർത്ഥികളെ എത്രയും വേഗം കണ്ടെത്തി ആദ്യഘട്ട പട്ടിക പുറത്തിറക്കാൻ നിർദ്ദേശമുണ്ട്. അടുത്ത 90 ദിവസം താഴേത്തട്ടിൽ സജീവമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും കോർ കമ്മിറ്റി തീരുമാനിച്ചു.

Also read: