ഇന്ന് നൂറ്റാണ്ടിൻ്റെ മഹാസംഗമം; സമസ്ത ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് കുണിയയില് പ്രൗഢ സമാപ്തി
കാസർകോട്: ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് കാസർകോട് കുണിയയിൽ പ്രൗഢമായ പരിസമാപ്തി. ചരിത്ര സംഗമത്തിന് സാക്ഷിയാകാൻ ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ കുണിയയിലേക്ക് ഒഴുകിയെത്തും.കണ്ണൂർ-മംഗളൂരു ദേശീയപാതയോരത്ത് സജ്ജീകരിച്ചിരിക്കുന്ന വിശാലമായ വേദിയിൽ ഇന്ന് വൈകുന്നേരം 4:30-നാണ് സമാപന പൊതുസമ്മേളനം ആരംഭിക്കുന്നത്. ശംസുൽ ഉലമയുടെ നാമധേയത്തിലുള്ള കവാടവും, സമസ്തയുടെ സ്ഥാപക നേതാവ് വരക്കൽ മുല്ലക്കോയ തങ്ങളുടെ സ്മരണാർത്ഥം പരമ്പരാഗത പായക്കപ്പലിന്റെ മാതൃകയിൽ നിർമ്മിച്ച പ്രധാന വേദിയും സമ്മേളനത്തിന് ചരിത്രപരമായ ഭാവം നൽകുന്നു.
ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാല റെക്ടർ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളും വേദി പങ്കിടും.
സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സമസ്തയുടെ ശതാബ്ദി അവാർഡ് സമ്മാനിക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയയെ ചടങ്ങിൽ ആദരിക്കും.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ശതാബ്ദി സന്ദേശം കൈമാറും. എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായയുടെ സമാപന പ്രാർത്ഥനയോടെ സമ്മേളനം പര്യവസാനിക്കും.