02/03/2026
[fontresizer_tawhidurrahmandear_widget]

റൈഫിളുമായി തക്കംപാര്‍ത്ത് അക്രമിസംഘം, രക്ഷപ്പെട്ടത് നടുക്കടലിലൂടെ 4 മണിക്കൂർ പറന്ന്; ഗുസ്‌താവോ പെട്രോയ്‌ക്കെതിരെ വധശ്രമം

 റൈഫിളുമായി തക്കംപാര്‍ത്ത് അക്രമിസംഘം, രക്ഷപ്പെട്ടത് നടുക്കടലിലൂടെ 4 മണിക്കൂർ പറന്ന്; ഗുസ്‌താവോ പെട്രോയ്‌ക്കെതിരെ വധശ്രമം

ഗുസ്താവോ പെട്രോ

ബൊഗോട്ട: ‘കൊല്ലപ്പെടാതിരിക്കാൻ നാല് മണിക്കൂറോളം ഞങ്ങൾ നടുക്കടലിലേക്ക് യാത്ര തിരിച്ചു, ഒടുവിൽ നിശ്ചയിക്കാത്ത ഒരിടത്ത് ഇറങ്ങേണ്ടി വന്നു,’-കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വാക്കുകളിൽ വധശ്രമത്തിന്റെ നടുക്കം. കഴിഞ്ഞ ദിവസം കൊളംബിയൻ മന്ത്രിസഭാ യോഗത്തിലാണ്, ദിവസങ്ങൾക്കുമുൻപ് നടന്ന വധശ്രമത്തെക്കുറിച്ച് പെട്രോ തന്നെ വെളിപ്പെടുത്തിയത്. വധശ്രമത്തെത്തുടർന്ന് ജർമനിയിൽ നടക്കാനിരുന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിൽ ഹെലികോപ്റ്റർ വെടിവച്ചിടാൻ ലേസർ റൈഫിളുകളുമായി അക്രമിസംഘം പതിയിരിക്കുന്നു എന്ന രഹസ്യവിവരത്തെത്തുടർന്നാണ് അതീവ രഹസ്യമായി റൂട്ട് മാറ്റിയത്. രാജ്യത്തെ മയക്കുമരുന്ന് മാഫിയകളും തീവ്ര ഗ്രൂപ്പുകളുമാണ് വധശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ഭീഷണിയെത്തുടർന്ന് പെട്രോ ജർമനി സന്ദർശനം റദ്ദാക്കി.

പെട്രോയെ ലക്ഷ്യം വെച്ച് വിമാനത്താവളത്തിൽ വെച്ച് ആക്രമണം നടത്താനായിരുന്നു ഗൂഢാലോചനയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി അതീവ മാരകമായ ലേസർ നിയന്ത്രിത റൈഫിളുകൾ അക്രമികൾ സജ്ജമാക്കിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വിദേശ പൗരന്മാരടങ്ങുന്ന ഒരു സംഘമാണു നീക്കത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

കൊളംബിയയിലെ സായുധ സംഘങ്ങളുമായും മയക്കുമരുന്ന് മാഫിയകളുമായും സർക്കാർ നടത്തുന്ന സമാധാന ചർച്ചകൾ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി രണ്ടാം വാരം ജർമനിയിൽ നടക്കാനിരുന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാൻ പ്രസിഡന്റ് പെട്രോ നിശ്ചയിച്ചിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ അദ്ദേഹം യാത്ര റദ്ദാക്കിയിരിക്കുകയാണ്.

വധശ്രമത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഏജൻസികൾ അദ്ദേഹത്തിനു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതാണ് യാത്ര റദ്ദാക്കാൻ പ്രധാന കാരണം. ഇതോടൊപ്പം, കൊളംബിയയുടെ പല ഭാഗങ്ങളിലും കനത്ത മഴയെത്തുടർന്ന് കാലാവസ്ഥാ സംബന്ധമായ അടിയന്തര സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രാജ്യത്ത് തുടരാനാണ് പ്രസിഡന്റിന്റെ തീരുമാനം.

കൊളംബിയയിൽ ആഭ്യന്തര സമാധാനം കൊണ്ടുവരാനുള്ള പെട്രോയുടെ ശ്രമങ്ങൾക്കിടയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വധശ്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് കൊളംബിയൻ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ സുരക്ഷ വർധിപ്പിച്ചതായും വക്താക്കൾ അറിയിച്ചു.

അതേസമയം, അമേരിക്കയുമായും ഡൊണാൾഡ് ട്രംപുമായും നിരന്തരം ഇടഞ്ഞുനിൽക്കുന്ന ലാറ്റിനമേരിക്കൻ നേതാവ് കൂടിയാണ് പെട്രോ. അടുത്തിടെ വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പിടിച്ചുകൊണ്ടുപോയതിനു പിന്നാലെ പെട്രോയ്ക്കും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തത് കൊളംബിയയും ക്യൂബയുമെല്ലാമാമെന്ന് യുഎസ് പ്രസിഡന്റ് പരസ്യമായി തന്നെ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.

Also read: