‘ഗൺ പോയിൻറിൽ നിർത്തി, റിവ്യൂ ഡിലീറ്റ് ചെയ്യിപ്പിച്ചു’; സത്യം വെളിപ്പെടുത്തി അശ്വന്ത് കോക്ക്
കോഴിക്കോട്: സോഷ്യൽ മീഡിയയിലെ പ്രമുഖ സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് മുൻപ് തന്റെ ഒരു റിവ്യൂ വീഡിയോ പിൻവലിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ഒരാളുടെ നിരന്തരമായ ഭീഷണിയും മാനസിക സമ്മർദ്ദവും കാരണമാണ് അന്ന് വീഡിയോ നീക്കം ചെയ്തതെന്നും, എന്നാൽ സിനിമാ മേഖലയിലുള്ളവർ പ്രചരിപ്പിക്കുന്നത് പോലെ തന്നെ തോക്കിൻമുനയിൽ നിർത്തി ചെയ്യിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് അന്ന് നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞത്.
നിരന്തരം ഫോണിലൂടെ വിളിച്ച ഒരാൾ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ആ സമയത്ത് താൻ മാനസികമായി തളർന്ന അവസ്ഥയിലായിരുന്നുവെന്നും അനാവശ്യമായ നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കും താല്പര്യമില്ലാത്തതിനാലാണ് ശല്യം ഒഴിവാക്കാൻ വീഡിയോ ഡിലീറ്റ് ചെയ്തതെന്നും അശ്വന്ത് പറഞ്ഞു. എന്നാൽ ഇതൊരു ചെറിയ സിനിമയായതിനാൽ ആരും ശ്രദ്ധിക്കില്ലെന്ന തന്റെ കണക്കുകൂട്ടൽ തെറ്റിയെന്നും മിനിറ്റുകൾക്കുള്ളിൽ തന്നെ സിനിമാ ഗ്രൂപ്പുകളിൽ തനിക്കെതിരെ വലിയ പ്രചാരണം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ നേരിട്ട് കണ്ട് ഭീഷണിപ്പെടുത്തിയാണ് വീഡിയോ ഡിലീറ്റ് ചെയ്യിച്ചതെന്ന് പല സിനിമാക്കാരും പറഞ്ഞുനടക്കുന്നുണ്ട്. തന്റെ വിശ്വാസ്യത തകർക്കാൻ ഈ സംഭവം അവർ ആയുധമാക്കി. അന്ന് വീഡിയോ നീക്കം ചെയ്തതിൽ പിന്നീട് കുറ്റബോധം തോന്നിയതായും അശ്വന്ത് കോക്ക് വെളിപ്പെടുത്തി.