04/03/2026
[fontresizer_tawhidurrahmandear_widget]

‘ലൈവ്’ കവർച്ച കണ്ട് ഉടമ; വലിയങ്ങാടിയിൽ ചാക്കുകൾക്കിടയിൽ ഒളിച്ച കള്ളൻ പിടിയിൽ

 ‘ലൈവ്’ കവർച്ച കണ്ട് ഉടമ; വലിയങ്ങാടിയിൽ ചാക്കുകൾക്കിടയിൽ ഒളിച്ച കള്ളൻ പിടിയിൽ

കോഴിക്കോട്: കടയിൽ മോഷണം നടക്കുന്നത് മൊബൈൽ ഫോണിലൂടെ തത്സമയം കണ്ട ഉടമ നൽകിയ വിവരത്തെത്തുടർന്ന് കള്ളൻ പിടിയിലായി. കർണാടക തുമകൂരു സ്വദേശി ഉദയകുമാറിനെയാണ് (32) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി വലിയങ്ങാടിയിലെ പൂട്ടിക്കിടന്ന ഹാർഡ്‌വെയർ കടയിലായിരുന്നു സംഭവം.

കടയുടെ ഉള്ളിലൂടെ ആരോ നടന്നുപോകുന്ന ദൃശ്യങ്ങൾ ഉടമയുടെ ഫോണിലെ സിസിടിവി ആപ്പിൽ തെളിയുകയായിരുന്നു. ഉടൻതന്നെ വിവരം പോലീസിനെയും സമീപത്തെ വ്യാപാരികളെയും അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ മേൽക്കൂരയിലെ ഷീറ്റും ഓടും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. ഇതുവഴി കോണി ഉപയോഗിച്ചാണ് കള്ളൻ അകത്തിറങ്ങിയത്.

നാലോളം കടകളിൽ സമാനമായ രീതിയിൽ ഇയാൾ കവർച്ച നടത്തിയിരുന്നു. രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഒരു കടയിലെ അലമാരയിൽ ചാക്കുകൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു. ബെംഗളൂരുവിൽ മുൻപും കവർച്ചാ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലെത്തിയത്. ടൗൺ എസ്‌ഐ പി സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്‌ഐ സി.എസ് ശ്രീസിതയ്ക്കാണ് നിലവിൽ അന്വേഷണച്ചുമതല.

Also read: