തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളി
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജി തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി വിധിച്ച മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
1990ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ക്ലർക്കിന്റെ സഹായത്തോടെ തൊണ്ടിമുതൽ വെട്ടി ചെറുതാക്കി മാറ്റം വരുത്തിയെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. അടിവസ്ത്രം പാകമാകുന്നില്ലെന്ന വാദം മുൻനിർത്തി ലഹരിക്കേസ് പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടതോടെയാണ് തിരിമറി പുറത്തുവന്നത്.
തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ആന്റണി രാജുവിനെതിരെ ചുമത്തിയിട്ടുള്ളത്. ശിക്ഷാവിധിയെത്തുടർന്ന് നേരത്തെ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു. നിലവിൽ ജില്ലാ സെഷൻസ് കോടതി കൂടി ഹരജി തള്ളിയതോടെ കേസിൽ ആന്റണി രാജുവിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്.