തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാ മരവിപ്പിക്കണമെന്നാവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി നിരസിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പം ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന ആന്റണി രാജുവിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു ഒപ്പിട്ടു വാങ്ങിയ തൊണ്ടിമുതലിലാണ് കൃത്രിമം നടന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. സംഭവത്തിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എംഎൽഎ സ്ഥാനത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ട ആന്റണി രാജുവിന്, കോടതി വിധി തിരിച്ചടിയായതോടെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വിലക്കുണ്ടാകും.