‘ഗുരുതരമായ സ്വകാര്യതാ ലംഘനം നടത്തുന്നു, തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഓൺലൈൻ പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: പൊതുപരിപാടികളുടെ മറവിൽ ഓൺലൈൻ പാപ്പരാസികൾ തന്റെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുന്നതായും, ഇത് തുടർന്നാൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്.
ഔദ്യോഗിക മാധ്യമങ്ങളെന്ന വ്യാജേന, യാതൊരു തിരിച്ചറിയൽ അടയാളവുമില്ലാതെ എത്തുന്ന ചിലർ അനുവാദമില്ലാതെ സ്വകാര്യ സംഭാഷണങ്ങളും ദൃശ്യങ്ങളും പകർത്തി വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ ചൂണ്ടിക്കാട്ടി. സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെപ്പോലും തെറ്റായ ക്യാപ്ഷനുകൾ നൽകി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് ലാഭമുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇത്തരം തരംതാണ പ്രവണതകൾ അതീവ അപലപനീയമാണെന്നും എംഎൽഎ പറഞ്ഞു.
ഇത്തരം ചാനലുകൾ തന്റെ പിആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. യാതൊരുവിധ കോഡ് ഓഫ് കോൺഡക്റ്റും പാലിക്കാതെ നടത്തുന്ന ഈ പ്രവർത്തനങ്ങൾ തന്റെയും ഒപ്പമുള്ളവരുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും സ്റ്റോക്കിങ്ങുമാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഇത്തരം പാപ്പരാസി രീതികൾ തുടർന്നാൽ ശക്തമായ നിയമനടപടികളിലേക്ക് കടക്കുമെന്നും ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.