03/04/2026
[fontresizer_tawhidurrahmandear_widget]

എയർപോർട്ടിൽ 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സമൂസ; ഇവിടെ പോക്കറ്റ് കീറാതെ വിശപ്പടക്കാം

 എയർപോർട്ടിൽ 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സമൂസ; ഇവിടെ പോക്കറ്റ് കീറാതെ വിശപ്പടക്കാം

ന്യൂഡൽഹി: വിമാനത്താവളത്തിനുള്ളിലെ ഭക്ഷണവില സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്നു എന്ന പരാതിക്ക് ഇനി വിരാമം. വിമാനത്താവളത്തിനുള്ളിൽ വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമൂസയും ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫേ ഇപ്പോൾ യാത്രക്കാർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. വിമാനത്താവളം എന്നാൽ ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കും അമിതവില ഈടാക്കുന്ന ഒരിടം എന്ന പൊതുധാരണ തിരുത്തിക്കുറിക്കാനാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

ഐഐടി ബോംബെയിലെ പൂർവ്വ വിദ്യാർത്ഥിയായ പിയൂഷ് ത്രിപാഠി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ വൈറലായതോടെയാണ് കഫേയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിഞ്ഞത്. തന്റെ പങ്കാളിയോടൊപ്പം കൊൽക്കത്ത വിമാനത്താവളത്തിലൂടെ നടക്കുമ്പോൾ, വെറും 20 രൂപയ്ക്ക് സമൂസ ലഭിക്കുമോ എന്ന് അദ്ദേഹം അത്ഭുതത്തോടെ ചോദിക്കുന്നതും തുടർന്ന് ഉഡാൻ യാത്രി കഫേയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ‘വിമാനത്താവളം എന്നാൽ അമിതവില എന്ന പ്രതീക്ഷയെ മാറ്റിമറിച്ചു കൊണ്ട് 20 രൂപയുടെ സമൂസയും 10 രൂപയുടെ ചായയും യാഥാർത്ഥ്യമായിരിക്കുന്നു’ എന്ന് അദ്ദേഹം വീഡിയോയിൽ കുറിച്ചു. ഈ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ച രാജ്യസഭാ എംപി രാഘവ് ഛദ്ദയെ വീഡിയോയിൽ ദമ്പതികൾ അഭിനന്ദിക്കുന്നുമുണ്ട്. 2024ലെ പാർലമെന്റ് ശീതകാല സമ്മേളനത്തിൽ വിമാനത്താവളങ്ങളിലെ ഭക്ഷണപാനീയങ്ങളുടെ ഉയർന്ന വിലയെക്കുറിച്ച് രാഘവ് ഛദ്ദ ആശങ്ക ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹം തന്നെ വീഡിയോയ്ക്ക് മറുപടിയുമായി എത്തിയത് സംരംഭത്തിന് കൂടുതൽ സ്വീകാര്യത നൽകി.

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യത്തെ ഉഡാൻ യാത്രി കഫേ പ്രവർത്തനമാരംഭിച്ചത്. ഇവിടെ ചായയും കുപ്പിവെള്ളവും 10 രൂപ നിരക്കിലും കാപ്പി, സമൂസ, അന്നത്തെ പ്രത്യേക മധുരപലഹാരം എന്നിവ 20 രൂപ നിരക്കിലും ലഭ്യമാണ്. സാധാരണക്കാർക്ക് വിമാനയാത്ര കൂടുതൽ സുഖകരവും അന്തസ്സുള്ളതുമായ അനുഭവമാക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉദ്ഘാടന വേളയിൽ സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. ‘വിമാന യാത്രയെ താങ്ങാനാവുന്ന വിലയുടെയും, അന്തസ്സിന്റെയും, സുഖസൗകര്യങ്ങളുടെയും പ്രതീകമാക്കി മാറ്റുക എന്നത് എന്റെ ഹൃദയംഗമമായ ദൗത്യമാണ്, ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ സ്വീകരിക്കാൻ കഴിയുന്ന അനുഭവമാണിത്,’ എന്നാണ് അദ്ദേഹം പറഞ്ഞത്. വിമാനത്താവളങ്ങളിലെ സമാന്തര സമ്പദ്‌വ്യവസ്ഥ എന്ന പരിഹാസത്തിന് അറുതി വരുത്തിക്കൊണ്ട് കൂടുതൽ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Also read: