ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; ആറ് എംപിമാരെ കൂട്ടി രാഘവ് ഛദ്ദ ബിജെപിയിലേക്ക്
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ(എഎപി) വൻ പിളർപ്പുണ്ടാക്കി യുവനേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പാർട്ടി വിട്ടു. ഛദ്ദയും മറ്റ് ആറ് എംപിമാരും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രാജ്യസഭയിലേക്കുള്ള പുനർനാമനിർദേശത്തിൽ പാർട്ടി അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കമെന്നാണ് സൂചന.
രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളും ഭരണകക്ഷിയായ ബിജെപിയുമായി ലയിക്കുകയാണെന്ന് രാഘവ് ഛദ്ദ അറിയിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരാതെ തന്നെ ഇവർക്ക് ബിജെപിയിൽ ചേരാനാകും. എഎപി കൺവീനർ അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനായിരുന്ന ഛദ്ദയുടെ മാറ്റം ഡൽഹിയിലെ രാഷ്ട്രീയകേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഘവ് ഛദ്ദ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. തന്നെ പാർട്ടി തഴഞ്ഞുവെന്ന വികാരം ഛദ്ദയ്ക്കുണ്ടായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഛദ്ദയ്‌ക്കൊപ്പം മറ്റ് ആറ് എംപിമാർ കൂടി പാർട്ടി വിടുന്നതോടെ രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ കരുത്ത് ഗണ്യമായി കുറയും.
രാജ്യസഭയിലെ ആകെ 10 എഎപി എംപിമാരിൽ ഏഴ് പേരും(മൂന്നിൽ രണ്ട് ഭാഗം) ബിജെപിയിൽ ചേരുന്നതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഇവരെ ബാധിക്കില്ല. മുതിർന്ന നേതാക്കളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർക്കൊപ്പം വാർത്താ സമ്മേളനം നടത്തിയാണ് ഛദ്ദ നിർണായക പ്രഖ്യാപനം നടത്തിയത്.
രാഘവ് ഛദ്ദയ്ക്കു പുറമെ, എഎപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സ്വാതി മലിവാൾ, മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് എന്നിവരും പാർട്ടി വിടാനിരിക്കുന്നതായാണു വിവരം. അധ്യാപകനായിരുന്ന സന്ദീപ് പഥക്, വ്യവസായികളായ അശോക് മിത്തൽ, രാജീന്ദർ ഗുപ്ത, സംരംഭകനും സാമൂഹിക പ്രവർത്തകനുമായ വിക്രം സാഹ്നി എന്നീ എഎപി നേതാക്കളും ബിജെപിയിലേക്ക് ചേക്കാറാനിരിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിക്കവെ എഎപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് രാഘവ് ഛദ്ദ ഉന്നയിച്ചത്. ‘എന്റെ ജീവിതത്തിലെ 15 വർഷങ്ങൾ ഞാൻ ആം ആദ്മി പാർട്ടിക്കായി നൽകി. എന്നാൽ, അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അധികാരത്തിലെത്തിയ പാർട്ടി ഇന്ന് ആദർശങ്ങളിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു. ഞാൻ തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഞാൻ പാർട്ടി വിട്ട് ജനങ്ങളിലേക്ക് അടുക്കുകയാണ്,’ – രാഘവ് ഛദ്ദ പറഞ്ഞു.
രാജ്യസഭയിലെ എഎപിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ഛദ്ദയെ മാറ്റി അശോക് മിത്തലിനെ നിയമിച്ചത് മുതൽ പാർട്ടിയിൽ അസ്വാരസ്യങ്ങൾ പുകയുകയായിരുന്നു. പഞ്ചാബിൽനിന്നുള്ള എംപിമാർക്കിടയിൽ കെജ്രിവാളിന്റെ പ്രവർത്തന ശൈലിയോടുള്ള വിയോജിപ്പും കൂട്ട രാജിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡൽഹിയിലും പഞ്ചാബിലും അധികാരം കയ്യാളുന്ന എഎപിയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിൽ തങ്ങളുടെ പ്രമുഖ മുഖങ്ങളെല്ലാം ബിജെപിയിലേക്ക് മാറുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന സൂചനയും രാഘവ് ഛദ്ദ നൽകിയിട്ടുണ്ട്.