ലണ്ടനിൽ ഖുർആൻ കത്തിച്ചയാളുടെ ശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
ലണ്ടൻ: തുർക്കി എംബസിക്ക് മുന്നിൽ വെച്ച് വിശുദ്ധ ഖുർആൻ കത്തിച്ച 51-കാരനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ബ്രിട്ടീഷ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) ഹൈക്കോടതിയെ സമീപിച്ചു. ഹമിത് കോസ്‌കുൻ എന്ന തുർക്കി പൗരനെതിരെയാണു നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. 2025 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ കോസ്‌കുന്റെ ശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയത്.
2025 ഫെബ്രുവരി 13-ന് ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജിന് സമീപമുള്ള തുർക്കി കോൺസുലേറ്റിന് മുന്നിൽ വെച്ചാണ് കോസ്‌കുൻ ഖുർആൻ കത്തിച്ചത്. ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടായിരുന്നു ഇയാളുടെ പ്രതിഷേധം. ഇതേത്തുടർന്ന് ലണ്ടൻ മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് 240 പൗണ്ട് പിഴ ശിക്ഷ വിധിച്ചിരുന്നു. മതപരമായ വിദ്വേഷം വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
എന്നാൽ, കഴിഞ്ഞ ഒക്ടോബറിൽ സൗത്ത്വാർക്ക് ക്രൗൺ കോടതി ഈ ശിക്ഷ റദ്ദാക്കി. ഖുർആൻ കത്തിക്കുന്നത് ശരിയല്ലെങ്കിലും, അത് സമാധാനപരമായ രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും ഇംഗ്ലണ്ടിൽ നിലവിൽ ദൈവനിന്ദാ വിരുദ്ധ നിയമങ്ങൾ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനിലെ ആർട്ടിക്കിൾ 10 കോടതി ഇതിനായി ആധാരമാക്കിയിരുന്നു.
ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ, പൊതുസ്ഥലത്ത് വെച്ച് വിശുദ്ധ ഗ്രന്ഥങ്ങൾ കത്തിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കോസ്‌കുന്റെ പ്രവൃത്തി അന്നുതന്നെ അക്രമങ്ങൾക്ക് കാരണമായിരുന്നുവെന്നും, രണ്ട് പേർ ഇയാളെ ആക്രമിക്കുകയും ഒരാൾ കത്തികൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നുവെന്നും പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. ഒരാളുടെ പ്രവൃത്തി അക്രമത്തെ പ്രേരിപ്പിക്കുന്നതാണെങ്കിൽ അത് ക്രിമിനൽ കുറ്റമായി തന്നെ കണക്കാക്കണമെന്നാണ് പ്രോസിക്യൂഷന്റെ പക്ഷം.
ഖുർആൻ കത്തിക്കുന്നത് തെറ്റായി തോന്നാമെങ്കിലും അത് ക്രിമിനൽ കുറ്റമല്ലെന്ന് കോസ്‌കുന്റെ അഭിഭാഷകർ വാദിച്ചു. ദൈവനിന്ദാ നിയമം പിൻവാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് നാഷണൽ സെക്കുലർ സൊസൈറ്റി പോലുള്ള സംഘടനകളും അഭിപ്രായപ്പെട്ടു.
ലോർഡ് ജസ്റ്റിസ് വാർബി, മിസിസ് ജസ്റ്റിസ് ഒബി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസിലെ ഹൈക്കോടതി വിധി ബ്രിട്ടനിലെ അഭിപ്രായ സ്വാതന്ത്ര്യവും മതവികാരവും തമ്മിലുള്ള നിയമപരമായ അതിർവരമ്പുകൾ നിശ്ചയിക്കുന്നതിൽ നിർണായകമാകും.