07/03/2026
[fontresizer_tawhidurrahmandear_widget]

11 ലക്ഷം അടച്ചിട്ടും ബ്രെസ നൽകിയില്ല, കാർ ഡീലർക്ക് 9 വർഷത്തിന് ശേഷം 29 ലക്ഷം പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

 11 ലക്ഷം അടച്ചിട്ടും ബ്രെസ നൽകിയില്ല, കാർ ഡീലർക്ക് 9 വർഷത്തിന് ശേഷം 29 ലക്ഷം പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

കാസർഗോഡ്: പണമടച്ചിട്ടും കാർ നൽകാതെ ഉപഭോക്താവിനെ വട്ടംചുറ്റിച്ച കാർ ഡീലർക്ക് കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ കനത്ത തിരിച്ചടി. കാസർഗോഡ് ബേക്കൽ ഹദ്ദാദിലെ പ്രവാസിയായ ഹംസ കുഞ്ഞിൽ മൊയ്തുവിനാണ് ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വലിയ വിജയം കൈവരിക്കാനായത്. 11.20 ലക്ഷം രൂപയ്ക്ക് വിറ്റാര ബ്രെസ ബുക്ക് ചെയ്ത ഹംസയ്ക്ക്, പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ ഏകദേശം 29 ലക്ഷം രൂപ നൽകാനാണ് കോടതി ഉത്തരവിട്ടത്.

2016-ലാണ് ഹംസ വിറ്റാര ബ്രെസ കാർ ബുക്ക് ചെയ്യുന്നത്. 21 ദിവസത്തിനകം ഡെലിവറി വാഗ്ദാനം ചെയ്തെങ്കിലും മാസങ്ങൾ നീണ്ടുപോയി. ഒടുവിൽ കാർ തയ്യാറാണെന്ന അറിയിപ്പ് ലഭിച്ചതോടെ ബാങ്ക് വായ്പയെടുത്ത് ഡിസംബറിൽ മുഴുവൻ തുകയും ഹംസ ഡീലർക്ക് കൈമാറി. എന്നാൽ പണം കൈപ്പറ്റിയ ശേഷം ഡീലർ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും ഫോട്ടോകളും ഹംസയെ കബളിപ്പിക്കാനുള്ളതായിരുന്നു. ഒടുവിൽ വാഹനം കൊണ്ടുവരുമ്പോൾ അപകടത്തിൽപ്പെട്ടുവെന്ന കള്ളക്കഥ പറഞ്ഞ് ഡീലർ വീണ്ടും ഒഴിഞ്ഞുമാറി.

നിയമപോരാട്ടത്തിന്റെ വഴി

കാർ ലഭിക്കാതെ തന്നെ ബാങ്ക് ലോണിന്റെ ഗഡുക്കൾ കൃത്യമായി അടച്ചുതീർത്ത ഹംസ, വിട്ടുകൊടുക്കാതെ നിയമപൈരാട്ടം തുടരാൻ തീരുമാനിച്ചു. കബളിപ്പിക്കപ്പെട്ട പണത്തിന് വെറും രണ്ട് ശതമാനം പലിശ നൽകി കേസ് ഒതുക്കിത്തീർക്കാനായിരുന്നു ഡീലറുടെ ശ്രമം. എന്നാൽ തനിക്ക് പണമല്ല, നീതിയാണ് വേണ്ടതെന്ന് ഹംസ ഉറപ്പിച്ചു പറഞ്ഞു. അഡ്വ. സി. ഷുക്കൂർ മുഖേന ജില്ലാ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. നാല് വർഷത്തിന് ശേഷം ഹംസയ്ക്ക് അനുകൂലമായി വിധി വന്നുവെങ്കിലും ഡീലർ സംസ്ഥാന കമ്മീഷനിൽ അപ്പീൽ നൽകി.

സംസ്ഥാന കമ്മീഷനും ജില്ലാ കോടതിയുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. 14 ശതമാനം വാർഷിക പലിശയും, മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെയാണ് തുക കണക്കാക്കിയത്. വിധിയെത്തുടർന്ന് 25 ലക്ഷം രൂപയുടെ ചെക്ക് ഡീലർ ഹംസയ്ക്ക് കൈമാറി. ബാക്കി തുക മാർച്ച് പത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ‘അപകടത്തിന്റെ കഥ മെനഞ്ഞ അന്ന് തന്നെ ഞാൻ ആ കാറിനെ ഉപേക്ഷിച്ചു, പകരം ഒരു ഫോർച്യൂണർ വാങ്ങി. എന്നെ കളിയാക്കിയവർക്കുള്ള മറുപടിയാണ് ഈ വിധി,’ ഹംസ പറഞ്ഞു.

Also read: