സിബിഎസ്ഇയുടെ കോടികളുടെ തട്ടിപ്പ് കൈയോടെ പൊക്കിയ 17കാരൻ; സാർത്ഥക് കണ്ടെത്തിയത് വൻ അഴിമതി
ന്യൂഡൽഹി: ഒരു സാധാരണ പ്ലസ് ടു വിദ്യാർത്ഥിക്ക് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോർഡിന്റെ ടെൻഡർ പ്രക്രിയകളിലെ വൻ അഴിമതികൾ പുറത്തുകൊണ്ടുവരാൻ കഴിയുമോ? കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും 17 വയസ്സ് മാത്രം പ്രായമുള്ള സാർത്ഥക് സിദ്ധാന്ത് എന്ന വിദ്യാർത്ഥി ഇന്ന് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരമോന്നത സഭയായ പാർലമെന്റിലെ ഒരു പാനലിന് മുന്നിൽ താൻ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ അവതരിപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്.
സിബിഎസ്ഇയുടെ പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനമായ ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (ഒഎസ്എം) ടെൻഡറുകളിൽ നടന്ന കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് ഈ കൗമാരക്കാരൻ തന്റെ കംപ്യൂട്ടറിന് മുന്നിലിരുന്ന് അനാവരണം ചെയ്തത്. വെറുമൊരു ബ്ലോഗ് പോസ്റ്റിലൂടെ ആരംഭിച്ച സാർത്ഥകിന്റെ ഈ പോരാട്ടം ഇന്ന് രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഏറ്റെടുക്കുകയും പാർലമെന്ററി സമിതിയുടെ ഔദ്യോഗിക പുനപരിശോധനയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തിരിക്കുന്നു.
പ്രകോപനം പ്ലസ് ടുവിൽ കിട്ടിയ കുറഞ്ഞ മാർക്ക്
2025-26 അധ്യയന വർഷത്തിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ എഴുതിയ 17 ലക്ഷം വിദ്യാർത്ഥികളിൽ ഒരാളായിരുന്നു സാർത്ഥക് സിദ്ധാന്ത്. പരീക്ഷാഫലം വന്നപ്പോൾ തന്റെ ചില പേപ്പറുകൾക്ക് വിചാരിച്ചതിലും വളരെ കുറഞ്ഞ മാർക്കാണ് ലഭിച്ചതെന്ന് അവൻ തിരിച്ചറിഞ്ഞു. മാർക്ക് പുനഃപരിശോധനയ്ക്കായി ഡിജിറ്റൽ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നത്. ചില പേജുകൾ വ്യക്തമല്ലാത്ത രീതിയിൽ ബ്ലർ ആയവയായിരുന്നു. ചില പേജുകൾ പൂർണമായും അപ്രത്യക്ഷവുമായിരുന്നു. ചില ഉത്തരങ്ങൾ നോക്കുക പോലും ചെയ്യാതെയാണ് മാർക്കിട്ടിരുന്നത്.
പല വിദ്യാർത്ഥികളും ഇത് തങ്ങളുടെ വിധിയാണെന്ന് കരുതി സമാധാനിച്ചപ്പോൾ, സാർത്ഥക് ഈ പിഴവിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു. സിബിഎസ്ഇ ഇത്തവണ ഡിജിറ്റൽ മൂല്യനിർണയത്തിനായി ഉപയോഗിച്ച ഒ.എസ്.എം പോർട്ടലിലെ തകരാറുകളാണ് ഇതിന് കാരണമെന്ന് അവൻ മനസ്സിലാക്കി. അവിടെനിന്നാണ്, ഇത്രയും മോശം നിലവാരമുള്ള ഒരു സോഫ്റ്റ്വെയർ സംവിധാനം സിബിഎസ്ഇ എങ്ങനെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിലേക്ക് അവൻ എത്തിയത്.
576 ടെൻഡറുകൾ ചികഞ്ഞെടുത്ത കണ്ടെത്തൽ
കേന്ദ്ര ഗവൺമെന്റിന്റെ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടലിൽ ലഭ്യമായ സിബിഎസ്ഇയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സാർത്ഥക് ഡൗൺലോഡ് ചെയ്ത് പരിശോധന തുടങ്ങി. ദിവസങ്ങളോളം കഠിനാധ്വാനം ചെയ്ത് ഏകദേശം 576-ലധികം സിബിഎസ്ഇ ടെൻഡർ രേഖകളാണ് അവൻ വിശകലനം ചെയ്തത്. ഇതിനെല്ലാം ഒടുക്കമാണ്, സിബിഎസ്ഇ തങ്ങളുടെ നിയമങ്ങൾ അട്ടിമറിച്ചു നടത്തിയ 15-ഓളം വലിയ ക്രമക്കേടുകളെ കുറിച്ചുള്ള വമ്പൻ വെളിപ്പെടുത്തലുകൾ തന്റെ sarthaksidhant.com എന്ന ബ്ലോഗിലൂടെ അവൻ പുറത്തുവിട്ടത്.
മൂന്ന് ഘട്ടങ്ങളായാണ് ഒ.എസ്.എം കരാറിനായുള്ള ടെൻഡർ പ്രക്രിയകൾ നടന്നതെന്നാണ് സാർത്ഥക് കണ്ടെത്തിയത്.
- ഒന്നാം ഘട്ടം (ഫെബ്രുവരി 2025): ഈ ടെൻഡർ പിന്നീട് ഗവൺമെന്റിന്റെ ഇ-മാർക്കറ്റ് പ്ലേസ്(GeM) റെക്കോർഡുകളിൽനിന്ന് ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായി.
- രണ്ടാം ഘട്ടം (മേയ് 2025): ഐടി ഭീമന്മാരായ ടിസിഎസ് അടക്കമുള്ള നാല് കമ്പനികൾ ഇതിൽ പങ്കെടുത്തു. എന്നാൽ, എല്ലാവരും സാങ്കേതിക പരിശോധനയിൽ പരാജയപ്പെട്ടുവെന്ന് കാണിച്ച് ഈ ടെൻഡർ റദ്ദാക്കി.
- മൂന്നാം ഘട്ടം (ആഗസ്റ്റ് 2025): ഈ ഘട്ടത്തിലാണ് ഹൈദരാബാദ് ആസ്ഥാനമായ ‘കോഎംപ്റ്റ് എജ്യൂടെക്’ എന്ന കമ്പനിക്ക് കരാർ ലഭിക്കുന്നത്.
വമ്പൻമാരെ ഒതുക്കാൻ നിയമങ്ങൾ മാറ്റിയെഴുതി
രണ്ടാമത്തെയും മൂന്നാമത്തെയും ടെൻഡർ രേഖകൾ പരസ്പരം താരതമ്യം ചെയ്തപ്പോഴാണ് സിബിഎസ്ഇ കോഎംപ്റ്റ് എന്ന ഒരൊറ്റ കമ്പനിയെ സഹായിക്കാനായി തങ്ങളുടെ നിബന്ധനകളിൽ വലിയ ഇളവുകൾ വരുത്തിയതായി സാർത്ഥക് കണ്ടെത്തിയത്.
ആദ്യം പൂർവകാല ചരിത്രം മായ്ച്ചുകളഞ്ഞു. മുൻപ് കരാറുകൾ പൂർത്തിയാക്കാത്തതോ, മോശം പ്രകടനം കാഴ്ചവെച്ചതോ ആയ കമ്പനികളെ അയോഗ്യരാക്കണമെന്ന മൂന്ന് കർശനമായ വകുപ്പുകൾ പുതിയ ടെൻഡർ രേഖയിൽനിന്ന് സിബിഎസ്ഇ പൂർണമായും നീക്കം ചെയ്തു.
കരിമ്പട്ടിക നിയമത്തിലെ കൃത്രിമമായിരുന്നു അടുത്തത്. പഴയ ടെൻഡറിൽ ‘മുൻപ് കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് യോഗ്യതയില്ല’ എന്നായിരുന്നു നിബന്ധനയെങ്കിൽ, പുതിയ രേഖയിൽ അത് ‘നിലവിൽ കരിമ്പട്ടികയിൽ ഉള്ളവർക്ക് മാത്രം വിലക്ക്’ എന്ന് തിരുത്തി. മുൻപ് കരിമ്പട്ടികയിൽ പെട്ടിട്ടുള്ള കോഎംപ്റ്റ് കമ്പനിയെ സഹായിക്കാനായിരുന്നു ഇത്.
സാമ്പത്തിക ഇളവുകൾ വരുത്തുകയാണ് അടുത്തത് ചെയ്തത്. ടെൻഡറിൽ പങ്കെടുക്കാൻ ആവശ്യമായ 50 കോടി രൂപയുടെ വാർഷിക വിറ്റുവരവ് എന്ന പരിധിയിൽ കോഎംപ്റ്റ് കമ്പനി കഷ്ടിച്ചാണ് (വെറും 1.7% അധികം) യോഗ്യത നേടിയത്. ടാറ്റാ കൺസൾട്ടൻസി സർവീസസ് പോലെയുള്ള മുൻനിര കമ്പനികളെക്കാൾ ഈ കമ്പനിക്ക് സിബിഎസ്ഇ മുൻഗണന നൽകിയതിന്റെ കാരണം വ്യക്തമാണെന്ന് സാർത്ഥക് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവുമൊടുക്കം സോഫ്റ്റ്വെയറിന്റെ ഡാറ്റാ സുരക്ഷാ മാനദണ്ഡങ്ങളിലും മാക്സിമം തെറ്റ് വരാവുന്ന നിരക്കിലും(Error Rate) സിബിഎസ്ഇ വലിയ വിട്ടുവീഴ്ചകൾ ചെയ്തു.
കോഎംപ്റ്റിന്റെ ഇരുണ്ട ചരിത്രം
സാർത്ഥക് പുറത്തുവിട്ട വിവരങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്നത് കോഎംപ്റ്റ് എജ്യൂടെക് എന്ന കമ്പനിയുടെ പശ്ചാത്തലമാണ്. മുൻപ് ‘ഗ്ലോബറേന’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കമ്പനി തെലങ്കാനയിലെ പരീക്ഷാ മൂല്യനിർണയത്തിൽ വരുത്തിയ കടുത്ത സാങ്കേതിക പിഴവുകൾ കാരണം മുൻപ് വലിയ വിവാദത്തിലായതാണ്. അന്ന് തെറ്റായ റിസൾട്ടുകൾ കണ്ട് മനംനൊന്ത് 23 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇത്രയും വിവാദമായ പശ്ചാത്തലമുള്ള ഒരു കമ്പനിക്കാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി നിർണയിക്കുന്ന മൂല്യനിർണയ ചുമതല സിബിഎസ്ഇ പരവതാനി വിരിച്ചു നൽകിയതെന്ന് സാർത്ഥക് തെളിവുകൾ സഹിതം തെളിയിച്ചു.
പാർലമെന്റിനെ ഞെട്ടിച്ച 17-കാരൻ
സോഷ്യൽ മീഡിയയിലൂടെയും എത്തിക്കൽ ഹാക്കർമാരുടെയും സഹായത്തോടെയും സാർത്ഥകിന്റെ ഈ കണ്ടെത്തലുകൾ രാജ്യമൊട്ടാകെ ചർച്ചയായി. വിഷയം പാർലമെന്ററി സമിതിയുടെ ശ്രദ്ധയിൽ പെട്ടതോടെ, വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, കായികം എന്നിവയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ നേരിട്ട് ഹാജരായി പ്രസന്റേഷൻ നൽകാൻ സാർത്ഥകിന് ക്ഷണം ലഭിച്ചു.
കോൺഗ്രസ് നേതാവും എംപിയുമായ ദിഗ്വിജയ് സിങ് അധ്യക്ഷനായ സമിതിക്ക് മുൻപിൽ പതർച്ചയില്ലാതെയാണ് സാർത്ഥക് സിബിഎസ്ഇയുടെ കള്ളക്കളികൾ ഓരോന്നായി വിവരിച്ചത്. ഒരു വിദ്യാർത്ഥി നൽകിയ ഈ ഞെട്ടിക്കുന്ന തെളിവുകൾ സ്വീകരിച്ച പാർലമെന്ററി പാനൽ, വിഷയത്തിൽ ഉടനടി വിശദീകരണം നൽകാൻ സിബിഎസ്ഇ ചെയർമാനും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കും ഔദ്യോഗികമായി സമൻസ് അയച്ചിരിക്കുകയാണ്.
തന്റെ മാർക്കിന് വേണ്ടി മാത്രം പോരാടാതെ രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ അവകാശത്തിനും വിദ്യാഭ്യാസ രംഗത്തെ സുതാര്യതയ്ക്കും വേണ്ടി ശബ്ദമുയർത്തിയ സാർത്ഥക് സിദ്ധാന്ത് ഇന്ന് ഇന്ത്യയിലെ യുവതലമുറയുടെ പോരാട്ടവീര്യത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സാർത്ഥകിന്റെ വെളിപ്പെടുത്തൽ ഏറ്റുപിടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. കൗമാരക്കാരന്റെ വെളിപ്പെടുത്തലിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമേഖലയിലെ ടെൻഡർ പ്രക്രിയകളിൽ ഇനിയെങ്കിലും കൃത്യമായ സുതാര്യത ഉറപ്പാക്കാൻ ഈ കൊച്ചുമിടുക്കന്റെ അന്വേഷണം വഴിവെക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.