30 വർഷത്തെ അധ്യാപനത്തിന് ശേഷം വിരമിച്ചു, മകളുടെ സഹപാഠിയായി എംഎഡ് പഠനം; ഹുസൈന് എ പ്ലസ്, മകൾക്ക് രണ്ടാം റാങ്ക്
മൂവാറ്റുപുഴ: പ്രായം പഠനത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ച് മകൾക്കൊപ്പം ഒരേ ക്ലാസിലിരുന്ന് പഠിച്ച 58-കാരന് അഭിമാന വിജയം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എം.എഡ് പരീക്ഷയിലാണ് പേഴയ്ക്കാപ്പിള്ളി പെരുമ്പാട്ട് വീട്ടിൽ പി. എസ്. ഹുസൈനും മകൾ ഫൗസിയയും ചേർന്ന് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. മകൾ ഫൗസിയ യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാം റാങ്ക് നേടി തിളങ്ങി നിൽക്കുമ്പോൾ, ഒപ്പം പഠിച്ച പിതാവ് ഹുസൈൻ എ പ്ലസ് ഗ്രേഡോടെയാണ് പരീക്ഷ വിജയിച്ചത്.
നീണ്ട 30 വർഷത്തെ അധ്യാപന സേവനത്തിന് ശേഷം ചെറുവട്ടൂർ സർക്കാർ ടി.ടി.ഐയിൽ നിന്ന് വിരമിച്ചപ്പോഴാണ് ഹുസൈൻ വീണ്ടും വിദ്യാർത്ഥിയാകാൻ തീരുമാനിച്ചത്. തുടർന്ന് മകൾ ഫൗസിയയോടൊപ്പം മൂവാറ്റുപുഴ ശ്രീനാരായണ കോളജ് ഓഫ് എജ്യുക്കേഷനിൽ എം.എഡ് കോഴ്സിന് ചേരുകയായിരുന്നു. വിരമിച്ച ശേഷവും തുടർന്നു പഠിക്കണമെന്ന വലിയ ആഗ്രഹമാണ് തന്നെയവിടെ എത്തിച്ചതെന്ന് ഹുസൈൻ പറയുന്നു. മകളോടൊപ്പം ഒരേ ക്ലാസ് മുറിയിൽ ഇരുന്ന് പഠിക്കാനും പരീക്ഷ എഴുതാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വേറിട്ട വിജയത്തെ ശ്രീനാരായണ കോളജ് മാനേജ്മെന്റും വലിയ അഭിമാനത്തോടെയാണ് കാണുന്നത്.
പഠനവും അധ്യാപനവും ഹുസൈന്റെ കുടുംബത്തിന് ഒന്നടങ്കം പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഭാര്യ റഹീമ ബീവി പായിപ്ര സർക്കാർ യു.പി സ്കൂളിലെ പ്രധാനാധ്യാപികയാണ്. മൂത്ത മകൾ ഫാരിസയും ഇതേ ശ്രീനാരായണ കോളജിൽ നിന്നാണ് ബി.എഡ് പൂർത്തിയാക്കിയത്. മകൻ അദ്നാൻ കോതമംഗലം എം.എ എൻജിനീയറിങ് കോളജിലെ ബി.ടെക് വിദ്യാർത്ഥിയാണ്. ഫൗസിയയുടെ ഭർത്താവ് ജാസിർ മഴുവന്നൂർ പഞ്ചായത്തിലെ ക്ലാർക്കായും, ഫാരിസയുടെ ഭർത്താവ് അജ്മൽ കളമശേരി സർക്കാർ പോളിടെക്നിക്കിൽ അധ്യാപകനായും ജോലി ചെയ്യുന്നു.