26/01/2026

‘ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തിൽ പരാജയമാകും’; എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻ.എസ്.എസ്

 ‘ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തിൽ പരാജയമാകും’; എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻ.എസ്.എസ്

ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തിന് വിരാമമിട്ട് എൻ.എസ്.എസ്. നിലവിലെ സാഹചര്യത്തിൽ എസ്.എൻ.ഡി.പിയുമായി യോജിച്ചുപോകുന്നത് പ്രായോഗികമല്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. ഇതോടെ സമുദായ ഐക്യത്തിനായുള്ള ചർച്ചകൾക്ക് താൽക്കാലികമായി തിരശ്ശീല വീണു.

​നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യശ്രമങ്ങൾ പരാജയമാകുമെന്നാണ് എൻ.എസ്.എസ് നേതൃത്വത്തിന്റെ കണ്ടെത്തൽ. അതിനാൽ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡയറക്ടർ ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

രാഷ്ട്രീയമായി ആരുമായും കൂട്ടുകൂടാനില്ലെന്ന നിലപാടാണ് എൻ.എസ്.എസ് ആവർത്തിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കുമെന്നും സുകുമാരൻ നായർ യോഗത്തിൽ അറിയിച്ചതായാണ് വിവരം.

​കഴിഞ്ഞ കുറച്ചു നാളുകളായി എൻ.എസ്.എസും എസ്.എൻ.ഡി.പിയും യോജിച്ച് പ്രവർത്തിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും തമ്മിലുള്ള പഴയ ഭിന്നതകൾ മറന്ന് ഒന്നിക്കാനുള്ള സാധ്യതകൾ ചർച്ചയായിരുന്നു. എന്നാൽ, പുതിയ തീരുമാനത്തോടെ എൻ.എസ്.എസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

Also read: