02/03/2026
[fontresizer_tawhidurrahmandear_widget]

ഇറാനെ ആക്രമിച്ചാൽ സംഭവിക്കുക ഈ 6 കാര്യങ്ങൾ; യുഎസിനോട് യൂറോപ്യൻ തിങ്ക് ടാങ്ക്-കൈപൊള്ളുമെന്ന് മുന്നറിയിപ്പ്

 ഇറാനെ ആക്രമിച്ചാൽ സംഭവിക്കുക ഈ 6 കാര്യങ്ങൾ; യുഎസിനോട് യൂറോപ്യൻ തിങ്ക് ടാങ്ക്-കൈപൊള്ളുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾ വിപരീത ഫലമാകും ഉണ്ടാക്കുകയെന്ന് പ്രമുഖ യൂറോപ്യൻ തിങ്ക് ടാങ്കായ യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (ഇസിഎഫ്ആർ) മുന്നറിയിപ്പ്. ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ‘സഹായം വരുന്നുണ്ട്’ എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും പശ്ചിമേഷ്യയിലേക്ക് യുദ്ധവിമാനങ്ങളെയും കപ്പലുകളെയും അയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇറാനെതിരായ ആക്രമണം അമേരിക്ക ആഗ്രഹിക്കുന്ന ഫലം നൽകില്ലെന്നും അത് മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Traps and limits: Why Trump bombing Iran won’t deliver what he wants എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസമാണ് ഇസിഎഫ്ആർ പഠനം പ്രസിദ്ധീകരിച്ചത്. കൗൺസിൽ മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വിഭാഗം ഡെപ്യൂട്ടി ഡയരക്ടർ കൂടിയായ എലി ജെറാൻമായ ആണ് പഠനം തയാറാക്കിയത്. ഇറാനെ ആക്രമിക്കുന്നത് എന്തുകൊണ്ട് പരാജയപ്പെടും എന്നതിനെക്കുറിച്ച് ഇസിഎഫ്ആർ റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്ന പ്രധാന ആറു കാരണങ്ങൾ താഴെ പറയുന്നവയാണ്:

  1. കനത്ത തിരിച്ചടി: അമേരിക്ക ശക്തമായ ആക്രമണം നടത്തിയാൽ ഇത്തവണ ഇറാൻ വെറുതെയിരിക്കില്ല. പശ്ചിമേഷ്യയിൽ തമ്പടിച്ചിരിക്കുന്ന അമേരിക്കൻ സൈനികരെയും എണ്ണപ്പാടങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിക്കും. ആഗോള എണ്ണവിപണിയുടെ സിരയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താൻ ഇറാന് സാധിക്കും. ഇത് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും. കൂടാതെ, ഹൂത്തികൾ, ഹിസ്ബുല്ല, ഇറാഖി സായുധ ഗ്രൂപ്പുകൾ തുടങ്ങിയ തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിച്ച് ഇസ്രയേലിനും അമേരിക്കൻ സഖ്യകക്ഷികൾക്കും എതിരെയും ആക്രമണം അഴിച്ചുവിടും.
ഇറാനെ ആക്രമിച്ചാൽ സംഭവിക്കുക ഈ 6 കാര്യങ്ങൾ; യുഎസിനോട് യൂറോപ്യൻ തിങ്ക് ടാങ്ക്-കൈപൊള്ളുമെന്ന് മുന്നറിയിപ്പ് | Why a US Attack on Iran Will Fail: 6 Key Reasons Cited by European Think Tank ECFR

2. പരാജയപ്പെട്ട മുൻകാല ഇടപെടലുകൾ: അഫ്ഗാനിസ്ഥാൻ, ഇറാഖ്, ലിബിയ, സിറിയ എന്നിവിടങ്ങളിലെ അമേരിക്കൻ ഇടപെടലുകൾ നൽകുന്ന പാഠം വിസ്മരിക്കരുത്. അവിടെയെല്ലാം സൈനിക ഇടപെടലുകൾ കൂടുതൽ രക്തച്ചൊരിച്ചിലിനും അസ്ഥിരതയ്ക്കും മാത്രമേ വഴിവെച്ചിട്ടുള്ളൂ. ലിബിയയിലെയും സിറിയയിലെയും ഇടപെടലുകൾ ജനാധിപത്യം കൊണ്ടുവരുന്നതിന് പകരം തീവ്രവാദവും അഭയാർഥി പ്രവാഹവുമാണ് സൃഷ്ടിച്ചത്. സമാനമായ അവസ്ഥയാകും ഇറാനിലും ഉണ്ടാവുക.

3. ഇറാൻ എന്ന വൻശക്തി: ഇറാനെ തകർക്കുക എന്നത് എളുപ്പമല്ല. ഒൻപത് കോടിയിലധികം ജനസംഖ്യയുള്ള, ഇറാഖിനെക്കാൾ നാലു മടങ്ങ് വലിപ്പമുള്ള രാജ്യമാണ് ഇറാൻ. 2003-ൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ 3.5 മടങ്ങ് അധികമാണ് ഇപ്പോഴത്തെ ഇറാന്റെ ജനസംഖ്യ. ലിബിയയെക്കാൾ 15 മടങ്ങ് ജനസംഖ്യയുണ്ട്. ബോസ്‌നിയയിലോ കൊസോവോയിലോ നാറ്റോ നടത്തിയതുപോലൊരു ഇടപെടൽ ഇവിടെ സാധ്യമല്ല.

4. ശക്തമായ പ്രതിരോധം: ബോംബാക്രമണം കൊണ്ട് ഇറാന്റെ സൈന്യത്തെ പൂർണമായി തകർക്കാനാവില്ല. പരമോന്നത നേതാവിനോട് കൂറുള്ള സുരക്ഷാ സേനയും മതവിശ്വാസികളും വിദേശ ഇടപെടലിനെ ഒരു ‘പുണ്യയുദ്ധ’മായി കണ്ട് ചെറുത്തുനിൽക്കും. ഗസ്സയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പോലെ, എത്ര ബോംബിട്ടാലും ഇറാന്റെ സൈനിക ശേഷി പൂർണമായും നശിക്കില്ല.

ഇതോടൊപ്പം, ഇസ്രയേലുമായി കഴിഞ്ഞ ജൂണിൽ നടന്ന 12 ദിന യുദ്ധത്തിൽ പ്രധാന ആയുധങ്ങളൊന്നും ഇറാൻ പുറത്തെടുത്തിട്ടില്ല. തങ്ങളുടെ ദേശസുരക്ഷ അപകടത്തിലാണെന്ന ഘട്ടം വന്നാൽ, അവർ സർവശക്തിയും മുഴുവൻ ആയുധ സന്നാഹങ്ങളുമെടുത്ത് ചെറുക്കും.

5. അയൽരാജ്യങ്ങളുടെ എതിർപ്പും അഭയാർത്ഥി പ്രവാഹവും: തുർക്കിയും അറബ് രാജ്യങ്ങളും യുദ്ധത്തിനെതിരാണ്. 13 അതിർത്തികളുള്ള ഇറാനിൽ യുദ്ധമുണ്ടായാൽ വൻ അഭയാർത്ഥി പ്രവാഹം അയൽരാജ്യങ്ങളെ ബാധിക്കും. കൂടാതെ, ഇറാനിൽ ഭരണകൂടം തകർന്നാൽ ഉണ്ടാകുന്ന അധികാരശൂന്യതയിൽ ആണവായുധങ്ങൾ തീവ്രവാദികളുടെ കൈകളിൽ എത്താനുള്ള സാധ്യതയും, ആണവ റിയാക്ടറുകൾക്ക് നേരെ അട്ടിമറി നടക്കാനുള്ള സാധ്യതയും ഏറെയാണ്.

6. അനന്തമായ യുദ്ധം: ‘സർജിക്കൽ സ്‌ട്രൈക്കുകൾ’ വഴി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കാമെന്ന് ട്രംപ് കരുതുന്നുണ്ടാകാം. എന്നാൽ, ഇത് ആഭ്യന്തര സുരക്ഷാ സേനയെ തകർക്കില്ല. ആക്രമണം തുടങ്ങിയാൽ അത് നിർത്താൻ കഴിയാതെ ട്രംപ് ഒരു അനന്തമായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടും.

എന്താണ് പരിഹാരം?
സൈനിക നടപടിക്ക് പകരം നയതന്ത്ര സമ്മർദമാണ് വേണ്ടതെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ഇറാനിയൻ ജനതയ്ക്ക് ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുക, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടി സ്വീകരിക്കുക, പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് പാശ്ചാത്യ രാജ്യങ്ങൾ ചെയ്യേണ്ടത്. യുദ്ധം ഒഴിവാക്കാൻ സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് യൂറോപ്യൻ രാജ്യങ്ങൾ പ്രവർത്തിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

Also read: