27/01/2026

‘ബംഗാളില്‍ പലയിടത്തും വോട്ടര്‍മാരും ബൂത്തുകളും അപ്രത്യക്ഷമായി’; ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

 ‘ബംഗാളില്‍ പലയിടത്തും വോട്ടര്‍മാരും ബൂത്തുകളും അപ്രത്യക്ഷമായി’; ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടികാ പുനഃപരിശോധനയില്‍(എസ്‌ഐആര്‍) കൂടുതല്‍ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നിയമപരമായ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചിലയിടത്ത് ബൂത്തുകള്‍ തന്നെ അപ്രത്യക്ഷമായതായും ആരോപണമുണ്ട്. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നടക്കുന്നത് ‘നിശ്ശബ്ദവും അദൃശ്യവുമായ കൃത്രിമം’ ആണെന്നും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത വോട്ടര്‍ പട്ടികയുടെ സോഫ്റ്റ് കോപ്പിയിലും പഴയ ഹാര്‍ഡ് കോപ്പിയിലും വലിയ വ്യത്യാസങ്ങള്‍ കണ്ടെത്തിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. 2002ലെ വോട്ടര്‍പട്ടികയെന്നു പറഞ്ഞ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതും യഥാര്‍ഥ പട്ടികയും തമ്മിലാണ് വലിയ വ്യത്യാസമുള്ളതായി തൃണമൂല്‍ കണ്ടെത്തിയിരിക്കുന്നത്.

വോട്ടര്‍ പട്ടികയുടെ സോഫ്റ്റ് കോപ്പിയില്‍നിന്ന് ഏകദേശം 900 വോട്ടര്‍മാരുടെ പേരുകള്‍ വരെ അപ്രത്യക്ഷമായി എന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ചൂണ്ടിക്കാട്ടി. പല ബൂത്തുകളിലും, ഹാര്‍ഡ് കോപ്പിയില്‍ പേരുള്ള വോട്ടര്‍മാര്‍ സോഫ്റ്റ് കോപ്പിയില്‍ ഇല്ലാത്ത സ്ഥിതിയുണ്ട്. അശോക്‌നഗറിലെ 159-ാം നമ്പര്‍ ബൂത്തില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു. ചില ബൂത്തുകള്‍ കാണാതായ കാര്യവും ഘോഷ് ചൂണ്ടിക്കാട്ടുന്നുണ്ട്.

നിയമപരമായ വോട്ടറുടെ പേര് നീക്കം ചെയ്താല്‍, ഒരു ലക്ഷം പേര്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് അഭിഷേക് ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി.

അതേസമയം, വോട്ടര്‍ പട്ടിക സുരക്ഷിതവും ചിട്ടയുള്ളതുമാണെന്നും, നിയമപരമായ ഒരാളുടെ പേര് പോലും ഒഴിവാക്കില്ലെന്നും പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് അഗര്‍വാള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

Also read: