യാഥാസ്ഥിതിക കുടുംബത്തില്‍നിന്ന് കമ്യൂണിസ്റ്റ് ആയ കാനത്തില്‍ ജമീല എന്ന് മുഖ്യമന്ത്രി; ഫേസ്ബുക്ക് പോസ്റ്റില്‍ എഡിറ്റ്
തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയുടെ കുടുംബ പശ്ചാത്തലം സൂചിപ്പിച്ച ഭാഗമാണ് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നീക്കം ചെയ്തത്.
’യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തി’ എന്നായിരുന്നു മുഖ്യമന്ത്രി പങ്കുവെച്ച അനുശോചനക്കുറിപ്പിൽ ആദ്യം കാനത്തിൽ ജമീലയെ അനുസ്മരിച്ചിരുന്നത്. എന്നാൽ, കുറിപ്പ് പോസ്റ്റ് ചെയ്ത് അൽപസമയത്തിനകം തന്നെ, ’യഥാസ്ഥിതിക കുടുംബത്തിൽ നിന്ന് വന്ന വ്യക്തി’ എന്ന ഭാഗം നീക്കം ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിൽ നിന്ന്:
കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്.
ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവർ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ചാണ് അവർ നിയമസഭാ സാമാജിക ആവുന്നത്. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി.
ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിൽ ബദ്ധശ്രദ്ധയായി. കാനത്തിൽ ജമീലയുടെ അകാലവിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
അന്ത്യാഭിവാദ്യങ്ങൾ സഖാവേ..