എസ്ഐറിനെതിരെ കൊല്‍ക്കത്തയില്‍ തൃണമൂലിന്‍റെ പടുകൂറ്റന്‍ റാലി; മുന്നില്‍നിന്നു നയിച്ച് മമത
കൊല്‍ക്കത്ത: മുംബൈയിലെ പ്രതിപക്ഷ മാര്‍ച്ചിനു പിന്നാലെ ബംഗാളിലും എസ്‌ഐആറിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ വന്‍ പ്രതിഷേധം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ കൂറ്റന്‍ റാലി നടന്നത്. വോട്ടര്‍ പട്ടികയുടെ തീവ്രപരിശോധനയിലും വോട്ട് തട്ടിപ്പ് നീക്കങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളുടെ സൂചനാ റാലിയായാണ് ഇന്ന് തൃണമൂലിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രകടനം സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകിയെത്തിയത്. റെഡ് റോഡിലെ ഡോ. ബി.ആര്‍ അംബേദ്കറുടെ പ്രതിമയില്‍ നിന്നാരംഭിച്ച മാര്‍ച്ച്, 3.8 കിലോമീറ്റര്‍ സഞ്ചരിച്ച് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മസ്ഥലമായ ജോറാസങ്കോ താക്കൂര്‍ ബാരിയില്‍ സമാപിച്ചു. മമത ബാനര്‍ജിയും ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും മുന്നില്‍നിന്നു നയിച്ച പ്രകടനം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംഘടനാപരമായ ശക്തിപ്രകടനം കൂടിയായി മാറി. വോട്ടര്‍മാരെ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘അദൃശ്യമായ ഗൂഢാലോചന’ക്കെതിരെയാണ് റാലി എന്ന് ടി.എം.സി നേതൃത്വം ആരോപിച്ചു.
റാലിയുടെ മുന്‍നിരയില്‍ മമതയും അഭിഷേകും അണിനിരന്നത് അണികള്‍ക്ക് ആവേശം പകര്‍ന്നു. ബംഗാളിനെ ലക്ഷ്യമിട്ടുള്ള ബിജെപി നേതാക്കളുടെ നിരന്തര ആക്രമണങ്ങള്‍ക്കിടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കുക, അണികളില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് ഈ പ്രതിഷേധം നടന്നത്. റാലിക്കിടെ അഭിഷേക് ബാനര്‍ജി നടത്തിയ പ്രസംഗത്തില്‍, എസ്‌ഐആര്‍ ഭയം കാരണം ഏഴ് പേര്‍ ആത്മഹത്യ ചെയ്ത സംഭവം എടുത്തുപറഞ്ഞു. ഈ വിഷയത്തില്‍ ഡല്‍ഹിയില്‍ ഒരു വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
റാലിയില്‍ കൊല്‍ക്കത്ത നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. റാലി കടന്നുപോയ സി.ആര്‍ അവന്യൂ, ബി.ബി.ഡി ബാഗ്, ജെ.എല്‍ നെഹ്രു റോഡ് തുടങ്ങിയ പ്രധാന പാതകളെല്ലാം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി.
സംസ്ഥാന ഭരണകക്ഷി നടത്തിയ റാലി നഗരത്തെ ശ്വാസം മുട്ടിച്ചുവെന്ന് ബിജെപി ആരോപിച്ചു. ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നഗരത്തിലെത്തിയ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് കടുത്ത ദുരിതമാണ് അനുഭവിക്കേണ്ടിവന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.