നെഹ്റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ വിദ്വേഷ രാഷ്ട്രീയക്കാരുടെ പ്രത്യേക പദ്ധതി; ഗാന്ധിഘാതകരെ മഹത്വവല്‍ക്കരിക്കുന്നവര്‍- സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാനും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ പ്രത്യേക പദ്ധതിയുണ്ട്. സ്വാതന്ത്ര്യ സമരത്തിലോ ഭരണഘടനാ നിര്‍മാണത്തിലോ യാതൊരു പങ്കും വഹിക്കാത്ത പ്രത്യയശാസ്ത്രക്കാരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി. ജവഹര്‍ ഭവനില്‍ ‘നെഹ്റു സെന്റര്‍ ഇന്ത്യ’യുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.
‘മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് കാരണമായ വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്തിയത് ഈ പ്രത്യയശാസ്ത്രമാണ്. ഗാന്ധിജിയുടെ ഘാതകരെ ഇന്നും മഹത്വവല്‍ക്കരിക്കുന്നവരും അവര്‍ തന്നെ. നെഹ്റുവിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന പദ്ധതിയാണ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. അദ്ദേഹത്തെ ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയുക മാത്രമല്ല, നമ്മുടെ രാജ്യം കെട്ടിപ്പടുത്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറകള്‍ തകര്‍ക്കുക കൂടിയാണ് അവരുടെ ലക്ഷ്യം’- സോണിയ വിമര്‍ശിച്ചു.
പുതിയ കാലത്ത് നെഹ്റുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഓര്‍മകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്നും വഴികാട്ടിയാണെന്നും അവര്‍ പറഞ്ഞു. ചരിത്രപരമായ പശ്ചാത്തലം കണക്കിലെടുക്കാതെ നെഹ്റുവിനെ വിധിക്കാനുള്ള പ്രവണത ശരിയല്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നാളുകളില്‍ നെഹ്റു നേരിട്ട അസാധാരണമായ വെല്ലുവിളികള്‍ വിസ്മരിച്ചുകൊണ്ടാണ് പലരും അദ്ദേഹത്തെ വിലയിരുത്തുന്നത്. നെഹ്റുവിനെക്കുറിച്ചുള്ള ക്രിയാത്മകമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അദ്ദേഹം പറഞ്ഞ കാര്യങ്ങളിലും എഴുതിയ കാര്യങ്ങളിലും ബോധപൂര്‍വം കൃത്രിമം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.