‘ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തില്‍ മോദിയുടെ മൗനം ബംഗ്ലാദേശിലെ അദാനിയുടെ ബിസിനസിനെ സംരക്ഷിക്കാന്‍’; ആരോപണവുമായി സഞ്ജയ് സിങ്
മോദിയും അദാനിയും, സഞ്ജയ് സിങ്
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സഞ്ജയ് സിങ്. മോദിയുടെ ഉറ്റ സുഹൃത്തായ അദാനി ഇപ്പോഴും ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്നും, ഈ ബിസിനസില്‍നിന്നുള്ള വരുമാനം നിലയ്ക്കുമോ എന്ന ഭയമാണ് മോദിയുടെ മൗനത്തിന് പിന്നിലെന്നും സഞ്ജയ് സിങ് ആരോപിച്ചു.
‘അജണ്ട ആജ് തക് 2024’ പരിപാടിക്കിടെ ബിജെപി എംപി മനോജ് തിവാരിയുമായി നടന്ന സംവാദത്തിനിടെയാണ് എഎപി നേതാവിന്റെ വിമര്‍ശനം. ‘ഹിന്ദുക്കള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ബംഗ്ലാദേശിലേക്ക് മോദിയുടെ സുഹൃത്തായ അദാനി വൈദ്യുതി വിതരണം തുടരുകയാണ്. നിങ്ങളുടെ സുഹൃത്ത് അവിടെനിന്ന് ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുന്നു. ആ പണം കൊണ്ടാണ് നിങ്ങള്‍ പാര്‍ട്ടി നടത്തുന്നത്,’-സഞ്ജയ് സിങ് മനോജ് തിവാരിയോട് ചോദിക്കുന്നു.
ബംഗ്ലാദേശില്‍ ഡിസംബര്‍ 18-ന് ദീപു ചന്ദ്ര ദാസ് (25) എന്ന ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം. ‘ദീപു ചന്ദ്ര ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയതിലും ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങളിലും പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം ലജ്ജാകരമാണ്. അദാനിയുടെ പേയ്മെന്റ് മുടങ്ങുമെന്നതാണ് ഈ മൗനത്തിന് കാരണം,’ സഞ്ജയ് സിങ് എക്‌സില്‍ കുറിച്ചു.
ജാര്‍ഖണ്ഡിലെ ഗൊദ്ദയിലുള്ള 1,600 മെഗാവാട്ട് കല്‍ക്കരി നിലയത്തില്‍നിന്ന് അദാനി പവര്‍ ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്നുണ്ട്. 2017-ലെ കരാര്‍ പ്രകാരമാണിത്. എന്നാല്‍, 800 മില്യണ്‍ ഡോളറിലധികം കുടിശ്ശികയുള്ളതിനാല്‍ നവംബറില്‍ അദാനി വൈദ്യുതി വിതരണം വെട്ടിച്ചുരുക്കിയിരുന്നു. ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറുകളില്‍ അഴിമതിയുണ്ടോ എന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
ഹിന്ദുക്കള്‍ വേട്ടയാടപ്പെടുമ്പോഴും അദാനിയുടെ ലാഭത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്ന സഞ്ജയ് സിങ്ങിന്റെ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ അദാനി ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.