27/01/2026

മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കാതെ പ്രസംഗം തുടർന്ന് ജെ.പി നഡ്ഡ

 മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കാതെ പ്രസംഗം തുടർന്ന് ജെ.പി നഡ്ഡ

വഡോദര: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെ മുന്നില്‍ കുഴഞ്ഞുവീണ് സുരക്ഷാ ഉദ്യോഗസ്ഥന്‍. ഗുജറാത്തിലെ വഡോദരയിലാണു സംഭവം. എന്നാല്‍, തൊട്ടുമുന്നില്‍ ഉദ്യോഗസ്ഥന്‍ വീണുകിടന്നിട്ടും കേന്ദ്ര മന്ത്രി കൂടിയായ നഡ്ഡ തിരിഞ്ഞുനോക്കാതെ പ്രസംഗം തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ ‘ദേശ് ഗുജറാത്ത്’ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ വഡോദരയില്‍ നടന്ന പരിപാടിയിലാണ് സംഭവം. കേന്ദ്ര റെയില്‍വേ മന്ത്രി രവ്‌നീത് സിങ് ബിട്ടുവിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു സ്‌റ്റേജിനു തൊട്ടുമുന്നില്‍ ബോധരഹിതനായി വീണത്. നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉദ്യോഗസ്ഥന്‍ നിലത്ത് വീണുകിടന്നിട്ടും നഡ്ഡ തന്റെ പ്രസംഗം നിര്‍ത്തിയില്ല. കൂടാതെ, വേദിയില്‍ സന്നിഹിതരായിരുന്ന മന്ത്രി രവ്‌നീത് ഉള്‍പ്പെടെയുള്ള മറ്റു ബി.ജെ.പി നേതാക്കളും തങ്ങളുടെ ഇരിപ്പിടങ്ങളില്‍നിന്ന് അനങ്ങാന്‍ പോലും തയാറായില്ലെന്നും ആരോപണമുണ്ട്.

ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ചേര്‍ന്ന് കുഴഞ്ഞുവീണ ഉദ്യോഗസ്ഥനെ സ്ഥലത്തുനിന്ന് മാറ്റിയത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണു വിവരം.

Also read: