30/03/2026
[fontresizer_tawhidurrahmandear_widget]

‘മന്‍മോഹന്‍ സിങ്ങിനെ വേട്ടയാടാനും ഫാസിസ്റ്റ് സര്‍ക്കാരിനു വഴിയൊരുക്കാനും മുന്നില്‍നിന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതില്‍ ഖേദം’; തുറന്നുസമ്മതിച്ച് പ്രശാന്ത് ഭൂഷണ്‍

 ‘മന്‍മോഹന്‍ സിങ്ങിനെ വേട്ടയാടാനും ഫാസിസ്റ്റ് സര്‍ക്കാരിനു വഴിയൊരുക്കാനും മുന്നില്‍നിന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതില്‍ ഖേദം’; തുറന്നുസമ്മതിച്ച് പ്രശാന്ത് ഭൂഷണ്‍

പ്രശാന്ത് ഭൂഷണ്‍, മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള, യുപിഎ സർക്കാരിനെതിരെ താൻ കൂടി പങ്കാളിയായ 2011-ലെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ (India Against Corruption) പരസ്യമായി ഖേദം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മൻമോഹൻ സിങ്ങിനെപ്പോലൊരു മാന്യനെ വേട്ടയാടുകയും, തൽഫലമായി രാജ്യത്തിന് വലിയ ദോഷം ചെയ്ത മറ്റൊരു ഭരണകൂടത്തിന് അവസരമൊരുക്കുകയും ചെയ്തെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. എക്സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പുകളിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

മൻമോഹൻ സിങ്ങിനെ ഓർമദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ആയിരുന്നു പ്രശാന്ത് ഭൂഷണിൻ്റെ പോസ്റ്റ്. അദ്ദേഹം കുറിച്ചതിങ്ങനെ:

“അദ്ദേഹം (മൻമോഹൻ സിങ്) വിനയാന്വിതനും മാന്യനും മികച്ച വിദ്യാഭ്യാസമുള്ളവനും നല്ല ഉദ്ദേശശുദ്ധിയുള്ളവനും ആയിരുന്നു. അദ്ദേഹത്തിന്റെ വിനയവും മാന്യതയും പലപ്പോഴും ബലഹീനതയായി തെറ്റിദ്ധരിക്കപ്പെട്ടു. അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയും, ഒരു തെമ്മാടി ഭരണകൂടത്തെ അധികാരത്തിലേറ്റാൻ സഹായിക്കുകയും ചെയ്ത ആ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ ഞാൻ ഖേദിക്കുന്നു.”

ട്വീറ്റ് ചർച്ചയായതോടെ, കൂടുതൽ വിശദീകരണവുമായി അദ്ദേഹം രണ്ടാമത്തെ കുറിപ്പും പങ്കുവെച്ചു. യുപിഎ കാലത്തെ അഴിമതികളേക്കാൾ ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും, ആം ആദ്മി പാർട്ടി തന്നെ വഞ്ചിച്ചെന്നും അദ്ദേഹം ഇതിൽ പറയുന്നു.

“എന്റെ മുൻ ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. യുപിഎ സർക്കാരിന്റെ കാലത്ത് 2ജി, കോൾഗേറ്റ് എന്നിവയുൾപ്പെടെ വലിയ അഴിമതികൾ നടന്നിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇന്ന് നാം കാണുന്ന അഴിമതിക്കും ഫാസിസത്തിനും മുന്നിൽ യുപിഎ കാലത്തെ അഴിമതിയെ ഒന്നുമല്ല. സത്യസന്ധതയുടെയും, സുതാര്യതയുടെയും, യഥാർത്ഥ ജനാധിപത്യത്തിന്റെയും പുതിയ രാഷ്ട്രീയം പ്രതീക്ഷിച്ചാണ് ഞങ്ങൾ ആം ആദ്മി പാർട്ടി (AAP) രൂപീകരിച്ചത്. എന്നാൽ ആം ആദ്മിയെ ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റിയ അരവിന്ദ് കെജ്രിവാൾ ഞങ്ങളെ വഞ്ചിച്ചു.

അതിലും ദൗർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ പ്രസ്ഥാനം മോദി-അമിത് ഷാ ബിജെപിയെ അധികാരത്തിലേറ്റാൻ സഹായിച്ചു. അത് പൂർണമായും അഴിമതി നിറഞ്ഞതും, വർഗീയവും, ഫാസിസ്റ്റും, അന്ധവിശ്വാസം നിറഞ്ഞതുമാണ്. ഇത് ഇന്ത്യയ്ക്കും നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും സമൂഹത്തിനും നികത്താനാവാത്ത നാശനഷ്ടങ്ങൾ വരുത്തിയിരിക്കുന്നു.”

മൻമോഹൻ സിംഗ് സർക്കാരിനെതിരെ അണ്ണാ ഹസാരെയ്‌ക്കൊപ്പം നിന്ന് നടത്തിയ പ്രക്ഷോഭങ്ങൾ ബിജെപിയുടെ വളർച്ചയ്ക്ക് കാരണമായെന്ന വിമർശനം വർഷങ്ങളായി നിലനിൽക്കെയാണ്, പ്രക്ഷോഭത്തിന്റെ മുൻനിര നേതാവായിരുന്ന പ്രശാന്ത് ഭൂഷൺ തന്നെ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

Also read: