28/03/2026
[fontresizer_tawhidurrahmandear_widget]

‘മലപ്പുറം ചോദ്യത്തില്‍’ ഉത്തരംമുട്ടി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശിച്ച് വെള്ളാപ്പള്ളി

 ‘മലപ്പുറം ചോദ്യത്തില്‍’ ഉത്തരംമുട്ടി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി ക്ഷുഭിതനായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വി ജേണലിസ്റ്റിന്റെ മൈക്ക് തട്ടിമാറ്റുകയും ‘താന്‍ കുറേക്കാലമായി ഇത് തുടങ്ങിയിട്ട്, പോടോ’ എന്ന് ആക്രോശിക്കുകയും ചെയ്തു.

മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്നും ഈ ദുഃഖം താന്‍ മുന്‍പ് പങ്കുവെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ നടത്തിയ തുടര്‍ചോദ്യങ്ങളാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.

സ്ഥലം ഉണ്ടായിട്ടും എന്തുകൊണ്ടാണ് സ്ഥാപനങ്ങള്‍ തുടങ്ങാത്തതെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ അനുവാദം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവില്‍ പിണറായി വിജയന്‍ സര്‍ക്കാരല്ലേ എന്ന ചോദ്യത്തിന് ‘ഇപ്പോഴത്തേതല്ല, അന്നത്തേത്’ എന്ന് അദ്ദേഹം മറുപടി നല്‍കി. എന്നാല്‍, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എല്‍.ഡി.എഫ് സര്‍ക്കാരല്ലേ ഭരിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ റിപ്പോര്‍ട്ടര്‍ ചോദ്യം ആവര്‍ത്തിച്ചതോടെയാണ് വെള്ളാപ്പള്ളി നിയന്ത്രണം വിട്ടത്.

തുടര്‍ന്ന് ‘ഏയ് റിപ്പോര്‍ട്ടര്‍… നിങ്ങള്‍ കുറേനാളായി ഇത് തുടങ്ങിയിട്ട്’ എന്ന് ആക്രോശിച്ചുകൊണ്ട് അദ്ദേഹം മൈക്ക് തട്ടിമാറ്റുകയും, കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ ‘പോടോ’ എന്ന് പറഞ്ഞ് അവിടെ നിന്നും പോകുകയുമായിരുന്നു.

സംഭാഷണം ഇങ്ങനെ:
വെള്ളാപ്പള്ളി: മലബാറില്‍ മലപ്പുറത്തും വയനാടും കാസര്‍കോട്ടും ഞങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഈ ദുഃഖം ഞാനൊന്ന് പറഞ്ഞുപോയി.

റിപ്പോര്‍ട്ടര്‍: സ്ഥലം വാങ്ങാന്‍ കിട്ടുന്നില്ലേ?

വെള്ളാപ്പള്ളി: സ്ഥലം എല്ലാമുണ്ട്.

റിപ്പോര്‍ട്ടര്‍: എങ്കില്‍ എന്താണ് തുടങ്ങാത്തത്?

വെള്ളാപ്പള്ളി: അനുവാദം വേണം.

റിപ്പോര്‍ട്ടര്‍: ആരുടെ അനുവാദം?

വെള്ളാപ്പള്ളി: സര്‍ക്കാരിന്റെ.

റിപ്പോര്‍ട്ടര്‍: ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരല്ലേ?

വെള്ളാപ്പള്ളി: ഇപ്പോഴത്തേതല്ല. അന്നത്തേത്.

റിപ്പോര്‍ട്ടര്‍: ഒന്‍പത് വര്‍ഷമായി നടന്നിട്ടില്ലേ…

വെള്ളാപ്പള്ളി(ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടി.വി ജേണലിസ്റ്റിന്റെ മൈക്ക് തട്ടിമാറ്റുന്നു, ആക്രോശിക്കുന്നു): ഏയ്, റിപ്പോര്‍ട്ടര്‍… നിങ്ങള്‍ കുറേനാളായി ഇതു തുടങ്ങിയിട്ട്. താന്‍ കുറേനാളായി ഇതു തുടങ്ങിയിട്ട്.

‘പോടോ’ എന്നും പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങള്‍ക്കു നില്‍ക്കാതെ വെള്ളാപ്പള്ളി സ്ഥലംവിടുന്നു.

Also read: