28/03/2026
[fontresizer_tawhidurrahmandear_widget]

‘ചോദ്യങ്ങള്‍ക്കു മുന്നില്‍ ഗ്യാനേഷ് കുമാറിന് സമനില തെറ്റി; ഞങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിച്ചു’-ആരോപണവുമായി അഭിഷേക് ബാനര്‍ജി

 ‘ചോദ്യങ്ങള്‍ക്കു മുന്നില്‍ ഗ്യാനേഷ് കുമാറിന് സമനില തെറ്റി; ഞങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിച്ചു’-ആരോപണവുമായി അഭിഷേക് ബാനര്‍ജി

അഭിഷേക് ബാനര്‍ജി, ഗ്യാനേഷ് കുമാര്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ എത്തിയ തൃണമൂല്‍ സംഘത്തോട് കമ്മീഷണര്‍ അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഗ്യാനേഷ് കുമാര്‍ സമനില തെറ്റി, തങ്ങളുടെ 10 അംഗ സംഘത്തിന് നേരെ അദ്ദേഹം വിരല്‍ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് പറഞ്ഞു.

‘ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ക്ഷുഭിതനായി. നിയന്ത്രണം നഷ്ടപ്പെട്ടു. താങ്കള്‍ നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ്, ഞാന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍ ആ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവിടട്ടെ,’ അഭിഷേക് ബാനര്‍ജി വെല്ലുവിളിച്ചു.

ബംഗാളില്‍ നടക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധന (എസ്‌ഐആര്‍) അപാകതകള്‍ ചൂണ്ടിക്കാട്ടാനാണ് സംഘം കമ്മീഷനെ കണ്ടത്. 1.36 കോടി വോട്ടര്‍മാരെ ‘യുക്തിപരമായ പൊരുത്തക്കേടുകള്‍’ (logical discrepancies) എന്ന പുതിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഹിയറിങ്ങിന് വിളിച്ചുവരുത്തുന്നതിനെ ടി.എം.സി എതിര്‍ത്തു. അച്ഛന്റെ പേരിനൊപ്പമുള്ള ചെറിയ പിശകുകളോ മാതാപിതാക്കളും മക്കളും തമ്മിലുള്ള പ്രായവ്യത്യാസത്തിലെ സംശയങ്ങളോ ഒക്കെയാണ് ഇതിന് കാരണമായി പറയുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ തന്നെ ഹിയറിങ് നടത്തണമെന്ന് സംഘം ആവശ്യപ്പെട്ടു.

വോട്ടര്‍ പട്ടികയെ കേന്ദ്രസര്‍ക്കാര്‍ ‘ആയുധമാക്കുകയാണെന്ന്’ അഭിഷേക് കുറ്റപ്പെടുത്തി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലൂടെയല്ല, മറിച്ച് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചാണ് ‘വോട്ട് കൊള്ള’ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം പരാജയപ്പെട്ടത് ഇതുകൊണ്ടാണെന്നും, പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ താഴെത്തട്ടില്‍ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘മുമ്പ് വോട്ടര്‍മാരാണ് സര്‍ക്കാരിനെ തീരുമാനിച്ചിരുന്നത്, ഇപ്പോള്‍ സര്‍ക്കാരാണ് വോട്ടര്‍മാരെ തീരുമാനിക്കുന്നത്,’ അഭിഷേക് പരിഹസിച്ചു. നുഴഞ്ഞുകയറ്റക്കാരുടെ പേര് പറഞ്ഞ് ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കരട് പട്ടികയില്‍നിന്ന് നീക്കം ചെയ്ത 58 ലക്ഷം പേരില്‍ എത്ര ബംഗ്ലാദേശികളും റോഹിങ്ക്യകളുമുണ്ടെന്ന് വ്യക്തമാക്കാന്‍ കമ്മീഷന്‍ തയ്യാറാകണം. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും, അന്തിമ വോട്ടര്‍ പട്ടികയില്‍ പിഴവുകളുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി.

ഡെറക് ഒബ്രിയാന്‍, സാകേത് ഗോഖലെ, മമത താക്കൂര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും അഭിഷേകിനൊപ്പം ഉണ്ടായിരുന്നു.

Also read: