28/03/2026
[fontresizer_tawhidurrahmandear_widget]

ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല; മാപ്പ് പറയില്ല, ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും-എ.കെ ബാലന്‍

 ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല; മാപ്പ് പറയില്ല, ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും-എ.കെ ബാലന്‍

വാര്‍ത്താസമ്മേളനത്തിനിടെ ഖുര്‍ആന്‍ പരിഭാഷ ഉയര്‍ത്തിപ്പിടിച്ച് എ.കെ ബാലന്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ലഭിച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നല്‍കിയ നോട്ടീസിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും, പത്തു പൈസ പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ല. കേസും കോടതിയും പുത്തരിയല്ല. കേസിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ ആ സമയം വിശുദ്ധ ഖുര്‍ആന്‍ വായിച്ചുതീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മലക്കം മറിഞ്ഞു. അവര്‍ നിയന്ത്രിക്കുമെന്നാണ് പറഞ്ഞത്. ‘ഈമാനുള്ള കമ്യൂണിസ്റ്റാണ് ഞാന്‍. കപടവിശ്വാസിയല്ല. ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കള്‍ സമ്മാനിച്ച ഖുര്‍ആന്‍ പരിഭാഷ ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്നും, അത് കേരളത്തില്‍ പലയിടത്തും ‘മാറാട്’ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും എ.കെ ബാലന്‍ നേരത്തെ പരാമര്‍ശിച്ചിരുന്നു. ഈ പ്രസ്താവന വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും അപകീര്‍ത്തികരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജമാഅത്തെ ഇസ്‌ലാമി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. ഏഴു ദിവസത്തിനകം മാപ്പ് പറയണമെന്നും തുക നല്‍കണമെന്നുമായിരുന്നു ആവശ്യം.

താന്‍ ആരെയും പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും രാഷ്ട്രീയമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു. നാദാപുരത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുമായും മുസ്‌ലിം ജനവിഭാഗവുമായും തനിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തന്റെ നാടായ തൂണേരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ ഒരു റോഡിന് ‘ബാലന്‍ റോഡ്’ എന്ന് പേരിട്ടത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുപ്പത്തില്‍ മതപ്രസംഗങ്ങള്‍ കേട്ട് വളര്‍ന്ന താന്‍ ഇസ്‌ലാം മതവിശ്വാസികള്‍ക്ക് എതിരല്ലെന്നും, എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നിലപാടുകളെയാണ് എതിര്‍ക്കുന്നതെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.

Also read: