31/03/2026
[fontresizer_tawhidurrahmandear_widget]

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; വളർത്തു മകളുടെ ഭർത്താവ് പിടിയിൽ

 ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു;  വളർത്തു മകളുടെ ഭർത്താവ് പിടിയിൽ

ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളെ വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാലു വയസ്സുകാരനായ മകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുൽഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിലവിളിച്ചുകൊണ്ട് സുൽഫിയത്ത് പരുക്കേറ്റ കുഞ്ഞുമായി വീടിന് പുറത്തേക്ക് ഓടിവന്നപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ കൈഞരമ്പ് മുറിച്ച നിലയിൽ മുഹമ്മദ് റാഫി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ പള്ളിക്കാട്ടിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് റാഫിയും ഭാര്യയും ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. കുഞ്ഞിനെ കാണാൻ ഭാര്യവീട്ടുകാർ അനുവദിക്കുന്നില്ലെന്ന് റാഫി പരാതിപ്പെട്ടിരുന്നതായി പറയപ്പെടുന്നു. സംഭവസ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Also read: