‘ഐഷ പോറ്റി വര്‍ഗവഞ്ചക; അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖം’; അധിക്ഷേപവുമായി എം.വി ഗോവിന്ദന്‍
എം.വി ഗോവിന്ദന്‍, ഐഷ പോറ്റി
തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും, അവര്‍ക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐഷ പോറ്റി പത്തു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അതിനുശേഷം 15 കൊല്ലം എംഎല്‍എയായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെല്ലാം അംഗമായിട്ടും അവര്‍ അങ്ങോട്ടൊന്നും പോയിട്ടില്ല. അസുഖമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ട അസുഖമാണ് അതെന്ന് ഇപ്പോഴാണ് മനസിലായതെന്നും എം.വി ഗോവിന്ദന്‍ ആക്ഷേപിച്ചു. അവസരവാദ, വര്‍ഗവഞ്ചനാ നിലപാടാണ് ഐഷ പോറ്റി സ്വീകരിച്ചാണ് കോണ്‍ഗ്രസില്‍ യാതൊരു മറുപടിയുമില്ലാതെ ചേക്കേറിയിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും, തന്നെ അവഗണിച്ചെന്നും ആരോപിച്ചാണ് 30 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.